ആക്രമണം ആവർത്തിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; ബുഷെഹർ ആണവനിലയത്തിന് സമീപം ആക്രമണം, സംഘർഷം രൂക്ഷം

ടെഹ്റാൻ: അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി തിരിച്ചടിക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. എന്നാൽ, ബുഷെഹർ ആണവനിലയത്തിന്റെ പരിസരത്ത് അമേരിക്കൻ മിസൈൽ പതിച്ചതായി ഇറാന്റെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ബുഷെഹർ പ്രവിശ്യയിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് വഴി അന്താരാഷ്ട്ര കപ്പൽഗതാഗതം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനെതിരെ പുതിയ വ്യോമാക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്ന ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28-ന് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. അമേരിക്കൻ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ബുധനാഴ്ച ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.

അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ വെടിനിർത്തൽ പ്രായോഗികമായി അവസാനിപ്പിച്ചുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അമേരിക്ക വീണ്ടും ഇറാനെതിരെ വ്യോമാക്രമണം നടത്തി. പുതിയ ആക്രമണത്തിൽ ഇറാന്റെ 90ഓളം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ, മറ്റ് സൈനിക സൗകര്യങ്ങൾ എന്നിവയാണ് ആക്രമണത്തിൽ തകർന്നതെന്നാണ് വിവരം.

ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾക്കും സാധാരണ നാവികർക്കുമെതിരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി കൂടുതൽ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സൈനിക നടപടി സ്വീകരിച്ചതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) എക്‌സിലൂടെ അറിയിച്ചു. സംഘർഷം വീണ്ടും ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയും ഉയർന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 78.80 ഡോളറിലും വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് 74.26 ഡോളറിലുമെത്തി.

പോരാട്ടം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ധാരണ “അവസാനിച്ചിരിക്കുകയാണ്” എന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതോടെ മേഖലയിൽ വീണ്ടും സമ്പൂർണ യുദ്ധസാഹചര്യം രൂപപ്പെടുമെന്ന ആശങ്ക ശക്തമായി. എന്നാൽ നയതന്ത്ര ചർച്ചകൾ തുടരാൻ അമേരിക്ക തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി, ട്രംപിന്റെ പരാമർശം അമേരിക്കയുടെ ഇറാൻ നയത്തിന്റെ പരാജയത്തിന്റെ സമ്മതമാണെന്ന് വിമർശിച്ചു.

Tehran threatens to attack US bases in West Asia if ‘aggression is repeated’

More Stories from this section

family-dental
witywide