ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ സംസ്കാരം ഇന്ന് മഷാദിൽ; എല്ലാ കണ്ണുകളും പുതിയ നേതാവ് മൊജ്തബ ഖമേനിയിലേക്ക്

ടെഹ്റാൻ: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം ഇന്ന് ജന്മനാടായ മഷാദിൽ സംസ്കരിക്കും. തീകച്ചും വ്യക്തിപരമായ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ, പിതാവിന്റെ മരണശേഷം ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മകൻ മൊജ്തബ ഖമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ എന്ന കാര്യത്തിൽ ലോകമെമ്പാടും ആകാംഷ വർദ്ധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരി അവസാന വാരം നടന്ന ആക്രമണത്തിന് ശേഷം ഇന്നുവരെ മൊജ്തബ ഖമേനി പൊതുജനങ്ങൾക്ക് മുന്നിലോ മാധ്യമങ്ങൾക്ക് മുന്നിലോ വന്നിട്ടില്ല. കഴിഞ്ഞ ഒരു വാരമായി രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളിൽ നടന്ന വമ്പിച്ച വിലാപയാത്രകളിൽ അദ്ദേഹത്തിന്റെ സഹോദരന്മാരായ മുസ്തഫ, മസൂദ്, മെയ്സം എന്നിവരാണ് കുടുംബത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഫെബ്രുവരിയിലെ വ്യോമാക്രമണത്തിൽ മൊജ്തബയ്ക്കും പരിക്കേറ്റിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനുശേഷം രേഖാമൂലമുള്ള പ്രസ്താവനകളിലൂടെ മാത്രമാണ് അദ്ദേഹം അനുയായികളുമായി ആശയവിനിമയം നടത്തിയിട്ടുള്ളത്; സ്വന്തം ശബ്ദമോ സാന്നിധ്യമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വധഭീഷണിയും കടുത്ത സുരക്ഷാ വെല്ലുവിളികളും

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം വീണ്ടും ആരംഭിച്ച പശ്ചാത്തലത്തിൽ കടുത്ത സുരക്ഷാ ഭീഷണിയാണ് പുതിയ പരമോന്നത നേതാവ് നേരിടുന്നത്. പുതിയ നേതാവ് മൊജ്തബ ഖമേനിയും തങ്ങളുടെ ഹിറ്റ്‌ലിസ്റ്റിൽ ഉണ്ടെന്ന് ഇസ്രായേൽ കഴിഞ്ഞ ആഴ്ച പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ, സുരക്ഷ മുൻനിർത്തി അദ്ദേഹം സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും നിഗൂഢത തുടരുകയാണ്. രണ്ട് രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുത്ത ഒരാഴ്ച നീണ്ട വിലാപയാത്രകൾക്ക് ശേഷമാണ് അലി ഖമേനിയുടെ ഭൗതികശരീരം ഇന്ന് മഷാദിൽ മണ്ണോട് ചേരുന്നത്.

More Stories from this section

family-dental
witywide