
വാഷിംഗ്ടണ്‍ : യുഎസില്‍ 1.8 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 15000 കോടി രൂപ) പവര്‍ബോള്‍ നറുക്കെടുപ്പില്‍ സമ്മാനം നേടി മിസൗറിയിലേയും ടെക്‌സാസിലേയും ടിക്കറ്റുകള്‍. വലിയ സന്തോഷത്തിന്റെ ദിനങ്ങളാണ് സമ്മാനാര്‍ഹരെ ഇനി കാത്തിരിക്കുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ സമ്മാനത്തിന് അര്‍ഹനായ ചെങ് ചാര്‍ലി സെയ്ഫാന്റെ ജീവിതം വളരെ വേദനാ ജനകമായി കടന്നുപോകുകയാണ്.
കഴിഞ്ഞ വര്‍ഷം 1.3 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 11000 കോടി രൂപ) പവര്‍ബോള്‍ ജാക്ക്പോട്ടാണ് ചെങ് ചാര്‍ലി സെയ്ഫാന് നേടിയത്. എന്നാല്‍ ജാക്ക്‌പോട്ട് നേടുമ്പോള്‍ ചെങ് ചാര്‍ലി കാന്‍സര്‍ ബാധിതനായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാന്‍സര്‍ കൂടുതല്‍ ശരീരഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഇനി നാല് മാസത്തെ ആയുസ് മാത്രമാണ് അദ്ദേഹത്തിനുള്ളൂവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാത്തിരുന്ന് നേടിയ ഭാഗ്യം ആസ്വദിക്കുന്നതിന് മുമ്പ് ആയുസ് അവസാനിക്കുമെന്ന പേടിയിലാണ് ഇപ്പോള്‍ ചെങ് ചാര്‍ലിയുടെ ജീവിതം
ലാവോസില്‍ ജനിച്ച് അഭയാര്‍ത്ഥി ക്യാമ്പില്‍ വളര്‍ന്ന ചെങ് ചാര്‍ലി ഇപ്പോള്‍ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലാണ് താമസം. 1994-ലാണ് ഇദ്ദേഹം അമേരിക്കയിലെത്തുന്നത്.
ഭാര്യയോടും സുഹൃത്തായ ലൈസ ചാവോയോടുമൊപ്പം ചേര്‍ന്നാണ് അദ്ദേഹം വിജയ ടിക്കറ്റ് വാങ്ങിയത്. ചെങ് ചാര്‍ലിക്ക് നികുതി കഴിച്ച് 422 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 3700 കോടി രൂപ) ലഭിച്ചത്. കുടുംബത്തെ സംരക്ഷിക്കുമെന്നും കാന്‍സര്‍ ചികിത്സിക്കാന്‍ മികച്ച ഡോക്ടറെ കണ്ടെത്തുമെന്നുമുള്ള പ്രതീക്ഷയാണ് സമ്മാനേ നേടിയപ്പോള്‍ ചെങ് ചാര്‍ലി പ്രതീക്ഷ പങ്കുവെച്ചത്. എന്നാല്‍, മികച്ച ചികിത്സ നേടിയെങ്കിലും ആരോഗ്യസ്ഥിതി വഷളായി തുടരുകയായിരുന്നു.














