
ഫിലഡൽഫിയ: കനത്ത മഴയും ഇടിമിന്നലും തടസ്സപ്പെടുത്തിയ നാടകീയ മത്സരത്തിൽ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ലോകകപ്പിൻ്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളും ഒസ്മാൻ ഡെംബലെയുടെ തകർപ്പൻ ഫിനിഷിംഗുമാണ് ഫ്രഞ്ചുപടയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്. തൻ്റെ നൂറാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ എംബാപ്പെയ്ക്ക് ഈ വിജയം ഇരട്ടി മധുരമായി.
മത്സരത്തിൻ്റെ 14-ാം മിനിറ്റിൽ തന്നെ എംബാപ്പെയിലൂടെ ഫ്രാൻസ് മുന്നിലെത്തി. എന്നാൽ അമേരിക്കയിലെ ഫിലഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ ആദ്യ പകുതിക്ക് ശേഷം വില്ലനായി ഇടിമിന്നൽ എത്തി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി രണ്ട് മണിക്കൂറിലധികം മത്സരം നിർത്തിവെക്കേണ്ടി വന്നു. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ മത്സരങ്ങളിലൊന്നായി ഇത് മാറി.
നീണ്ട ഇടവേളയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോഴും ഫ്രാൻസിൻ്റെ ആധിപത്യത്തിന് കുറവുണ്ടായില്ല. 54-ാം മിനിറ്റിൽ എംബാപ്പെ തൻ്റെ രണ്ടാമത്തെ ഗോളും നേടി. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ആകെ 16 ഗോളുകൾ തികച്ച എംബാപ്പെ, എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ മിറോസ്ലാവ് ക്ലോസെയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തെത്തി. തുടർന്ന് 66-ാം മിനിറ്റിൽ ഒസ്മാൻ ഡെംബലെയും ലക്ഷ്യം കണ്ടതോടെ ഇറാഖിൻ്റെ പതനം പൂർത്തിയായി.
ഗ്രൂപ്പ് ‘ഐ’യിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് 6 പോയിൻ്റോടെയാണ് ഫ്രാൻസ് പ്രീ-ക്വാർട്ടറിന് മുന്നോടിയായുള്ള നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഫ്രാൻസ് നോർവെയെ നേരിടും.
Mbappe scores twice in 100th match; France beats Iraq 3-0 to reach knockout stage















