
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതിനിടെ, നിർണ്ണായക പ്രതികരണവുമായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താനൊരു ‘പ്രശ്നപരിഹാരകൻ’ ആണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ചകൾക്ക് തടസ്സമാകുമെന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
#WATCH | "I’m not going to tell you what I’m going to do, but it gets solved. I'm a problem solver. I get problems solved real fast, including with Bibi," says US President Donald J Trump when asked how he would ensure that Israeli PM doesn't sabotage the US-Iran negotiations.… https://t.co/GnAlRruhLO pic.twitter.com/j47bJgmCA6
— ANI (@ANI) June 22, 2026
യു.എസ്-ഇറാൻ ചർച്ചകൾ തുടരുമ്പോഴും ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന നെതന്യാഹുവിൻ്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ട്രംപിൻ്റെ പ്രതികരണം. “പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് ഞാൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല, എന്നാൽ അതിനൊരു പരിഹാരമുണ്ടാകും. നെതന്യാഹു ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ എനിക്ക് സാധിക്കും,” ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാഷിംഗ്ടണും ടെഹ്‌റാനും ഒപ്പുവെച്ച പ്രാഥമിക സമാധാന കരാർ സമഗ്രമായ ഒരു ഉടമ്പടിയാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് ഇരുരാജ്യങ്ങളും.
അതേസമയം, യു.എസ് ചർച്ചകളോട് അനുകൂലമായല്ല ഇസ്രായേൽ പ്രതികരിക്കുന്നത്. ഇറാനെ ഒരു കാരണവശാലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ചർച്ചകളുടെ ഫലം എന്തുതന്നെയായാലും ഇസ്രായേലിൻ്റെ സുരക്ഷാ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും നെതന്യാഹു വ്യക്തമാക്കി. സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ ആവശ്യമായ ഏത് സൈനിക നടപടിയും രാജ്യം തുടരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
#WATCH | Israeli Prime Minister Benjamin Netanyahu says, "… No matter what happens in the talks, with an agreement, without an agreement, I pledge to you that Iran, as long as I'm Prime Minister, will never have a nuclear weapon. Never. As long as I am the Prime Minister of… pic.twitter.com/h4ytKMjRDF
— ANI (@ANI) June 21, 2026
തെക്കൻ ലെബനാനിലെ സുരക്ഷാ മേഖലയിൽ ഇസ്രായേൽ സൈന്യം തുടരുന്നതിനെ നെതന്യാഹു ന്യായീകരിച്ചു. അമേരിക്കയുടെ അതിർത്തിയിലാണ് ഇത്തരമൊരു ഭീഷണിയെങ്കിൽ രാജ്യം കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിർത്തി കടന്ന് ഭീകരരെ വധിക്കാനും ജനങ്ങളെ സംരക്ഷിക്കാനും അമേരിക്ക ചെയ്യുന്നതുതന്നെയാണ് ഇസ്രായേലും ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കൻ ലെബനാനിൽ ഹിസ്ബുള്ളയ്ക്കെതിരെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ സൈനിക നടപടി തുടരാൻ ഇസ്രായേൽ പ്രതിരോധ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ-ലെബനാൻ അതിർത്തിയിൽ ഇപ്പോഴും പിരിമുറുക്കം തുടരുകയാണ്. ഇതിനിടെ, സ്വിറ്റ്സർലൻഡിൽ നടന്ന ആദ്യ റൗണ്ട് യു.എസ്-ഇറാൻ ചർച്ചകൾക്ക് ശേഷം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി ഫോണിൽ സംസാരിച്ചു. ഇസ്രായേൽ-ഹിസ്ബുള്ള അക്രമങ്ങൾ നിയന്ത്രിക്കുന്നതിനും അതിർത്തിയിലെ സുരക്ഷാ സാഹചര്യം ശാന്തമാക്കുന്നതിനുമുള്ള കാര്യങ്ങളാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്.
US-Iran talks: Trump says he knows how to persuade Netanyahu; Israel toughens stance















