കുട്ടികളുടെ മരണം: ഇലോൺ മസ്‌കും ഇന്ത്യൻ വംശജനായ യു.എസ് കോൺഗ്രസ് അംഗം റോ ഖന്നയും തമ്മിൽ കടുത്ത വാക്പോര്; നിയമനടപടിയുമായി മസ്‌ക്, സംവാദത്തിന് വെല്ലുവിളിച്ച് ഖന്ന

വാഷിംഗ്ടൺ: അമേരിക്കൻ കോൺഗ്രസിലെ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ ജനപ്രതിനിധി റോ ഖന്നയും പ്രമുഖ വ്യവസായി ഇലോൺ മസ്‌കും തമ്മിൽ സോഷ്യൽ മീഡിയയിൽ കടുത്ത വാക്പോര്. മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി’ നടപ്പാക്കിയ ചെലവുചുരുക്കൽ നടപടികൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ മരണത്തിന് കാരണമായെന്ന് റോ ഖന്ന ആരോപിച്ചതോടെയാണ് തർക്കം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയായ റോ ഖന്ന മസ്‌കിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ‘ദി ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി, യു.എസ്.എ.ഐ.ഡി ഫണ്ടുകൾ വെട്ടിക്കുറച്ച മസ്‌കിൻ്റെ നടപടി 4.5 ദശലക്ഷം കുട്ടികളടക്കം 1.4 കോടി മനുഷ്യരെ മരണത്തിലേക്ക് തള്ളിവിട്ടേക്കാമെന്ന് ഖന്ന ആരോപിച്ചു. ഡെമോക്രാറ്റുകൾ അധികാരം തിരിച്ചുപിടിക്കുമ്പോൾ മസ്‌കിനെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, റോ ഖന്നയുടേത് വെറും പച്ചക്കള്ളമാണെന്നും ഈ വ്യാജപ്രചാരണത്തിന് ഖന്നയ്‌ക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്നും ഇലോൺ മസ്‌ക് പ്രതികരിച്ചു. ഖന്നയെ ‘റോ ദി റോബർ’ എന്ന് വിളിച്ച് ആക്ഷേപിച്ച മസ്‌ക്, രാഷ്ട്രീയത്തിൽ വന്നതിനുശേഷം ഖന്നയുടെ സ്വത്ത് വൻതോതിൽ വർദ്ധിച്ചതായും ആരോപിച്ചു. അഴിമതി തടയാൻ സഹായം കൈപ്പറ്റുന്നവരുടെ വിവരങ്ങൾ മാത്രമാണ് ചോദിച്ചതെന്നും അല്ലാതെ ഫണ്ടുകൾ വെട്ടിക്കുറച്ചിട്ടില്ലെന്നുമാണ് മസ്‌കിൻ്റെ വാദം.

മസ്‌കിൻ്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് വ്യക്തമാക്കിയ റോ ഖന്ന, വിഷയത്തിൽ പരസ്യമായ ഒരു സംവാദത്തിന് മസ്‌കിനെ വെല്ലുവിളിച്ചു. “താൻ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്, അല്ലാതെ നിയമയുദ്ധത്തിനല്ല. സി.എൻ.എൻ അല്ലെങ്കിൽ സി.എൻ.ബി.സി ചാനലുകളിലോ ഏതെങ്കിലും സർവ്വകലാശാലയിലോ വെച്ച് മസ്‌കിന് ഇഷ്ടമുള്ള സ്ഥലത്ത് സംവാദം നടത്താം,” ഖന്ന വ്യക്തമാക്കി. സിലിക്കൺ വാലിയിലെ അതിസമ്പന്നരും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ഭിന്നത ഈ തർക്കത്തോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

Child deaths: Elon Musk and Indian-origin US Congressman Ro Khanna have a heated exchange of words; Musk takes legal action, Khanna challenges him to a debate