ടെക്സസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സവിതയുടെ ഓർമ്മയ്ക്കായി 10 ലക്ഷം ഡോളറിൻ്റെ സ്കോളർഷിപ്പ് പദ്ധതിയുമായി മാതാപിതാക്കൾ; പിന്തുണയുമായി പിന്തുണയുമായി ആപ്പിൾ അടക്കമുള്ള കമ്പനികൾ

ഓസ്റ്റിൻ: ടെക്സസിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷാൻ്റെ (21) ഓർമ്മയ്ക്കായി മാതാപിതാക്കൾ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു. ‘സവിത ഷൺമുഖസുന്ദരം എൻഡോവ്ഡ് സ്കോളർഷിപ്പ് ഫണ്ട്’ വഴി നിർധനരായ വിദ്യാർത്ഥികളെ സഹായിക്കാനായി 5,00,000 ഡോളർ (ഏകദേശം 4.1 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം.

സവിതയുടെ മാതാപിതാക്കളായ ഷൺമുഖം മുത്തയ്യനും സെൽവി ഷാനും ചേർന്നാണ് മകളുടെ വിയോഗത്തിൻ്റെ ദുഃഖം മറ്റുള്ളവർക്കൊരു കൈത്താങ്ങാക്കി മാറ്റാൻ ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഈ സംരംഭത്തിന് പിന്തുണയുമായി ടെക്സസ് യൂണിവേഴ്സിറ്റിയും ആപ്പിൾ, വിസ, പി.ഡബ്ല്യു.സി തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. മാതാപിതാക്കൾ സമാഹരിക്കുന്ന തുകയ്ക്ക് തുല്യമായ തുക യൂണിവേഴ്സിറ്റി നൽകും. ഇതോടെ സ്കോളർഷിപ്പ് ഫണ്ട് 10 ലക്ഷം ഡോളറായി (1 മില്യൺ) ഉയരും. ഈ തുകയുടെ പലിശ ഉപയോഗിച്ച് എല്ലാ വർഷവും പത്തോളം നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകാനാണ് പദ്ധതി.

പ്രമുഖ കമ്പനികളായ വിസ, ആപ്പിൾ, പി.ഡബ്ല്യു.സി എന്നിവയും ഈ സ്കോളർഷിപ്പിലേക്ക് സംഭാവന നൽകാൻ തങ്ങളുടെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജീവനക്കാർ നൽകുന്ന തുകയ്ക്ക് തുല്യമായ തുക കമ്പനികളും ഫണ്ടിലേക്ക് നൽകും.

സ്കോളർഷിപ്പിന് പുറമെ, യു.ടി ഓസ്റ്റിനിലെ ഇന്ത്യൻ സ്റ്റുഡൻ്റ്സ് അസോസിയേഷനുമായി ചേർന്ന് അടുത്ത പത്ത് വർഷത്തേക്ക് ‘സവിത ഷാൻ വിമൻസ് എംപവർമെൻ്റ് അവാർഡും’ കുടുംബം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ആദ്യ പുരസ്കാരം പ്രജ്ഞ വെല്ല എന്ന വിദ്യാർത്ഥിനിക്ക് സമ്മാനിച്ചു.

മേയിൽ സർവകലാശാലയിൽ നിന്ന് ഇരട്ട ബിരുദം നേടി പുറത്തിറങ്ങേണ്ടിയിരുന്ന സവിത, പഠനത്തിലും മറ്റ് മേഖലകളിലും മിടുക്കിയായിരുന്നു. സ്വന്തം പരിശ്രമത്തിലൂടെ ‘ടാക്കോ ബെൽ ലിവ് മാസ്’ സ്കോളർഷിപ്പ് നേടിയാണ് സവിത പഠിച്ചിരുന്നത്. പഠനത്തിന് ശേഷം പ്രമുഖ കമ്പനിയായ വിസയിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ദുരന്തം ജീവനെടുത്തത്. യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന സവിത 21 വയസ്സിനുള്ളിൽ 26 രാജ്യങ്ങളും 36 യു.എസ് സംസ്ഥാനങ്ങളും സന്ദർശിച്ചിരുന്നു.

2026 ഫെബ്രുവരി 28-ന് ഓസ്റ്റിനിൽ നടന്ന ‘റാസ് റോഡിയോ’ ഡാൻസ് പരിപാടിയുടെ സംഘാടകരിൽ ഒരാളായിരുന്നു സവിത. പരിപാടിക്ക് വന്ന അതിഥികളെയെല്ലാം സുരക്ഷിതമായി യാത്രയാക്കിയ ശേഷം, “ഞാൻ ഇപ്പോൾ പുറപ്പെടുന്നു” എന്ന് അമ്മയ്ക്ക് സന്ദേശമയച്ച സവിത പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. മാർച്ച് 1-ന് പുലർച്ചെ ഡൗൺടൗൺ ഓസ്റ്റിനിലെ സിക്സ്ത് സ്ട്രീറ്റിൽ ഉണ്ടായ ഭീകരാക്രമണത്തിലാണ് സവിത കൊല്ലപ്പെട്ടത്.

കഴിഞ്ഞ മെയ് 7-ന് നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ സവിതയുടെ മരണാനന്തര ബിരുദങ്ങൾ (ഇക്കണോമിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ) സർവകലാശാലയിൽ നിന്നും മാതാപിതാക്കൾ ഏറ്റുവാങ്ങിയിരുന്നു. തൻ്റെ മകൾ എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിച്ചിരുന്നവളാണെന്നും, ഈ സ്കോളർഷിപ്പിലൂടെ അവൾ എന്നും ഓർമ്മിക്കപ്പെടുമെന്നും മാതാപിതാക്കൾ പറഞ്ഞു.

Parents launch $1 million scholarship program in memory of Savita, who was killed in Texas shooting; leading companies support

More Stories from this section

family-dental
witywide