ഒടുവില്‍ ട്രംപ് പറഞ്ഞതുപോലെ ചെയ്തു; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു, മുന്‍ പ്രസിഡന്റിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും

വാഷിംഗ്ടണ്‍: സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു. സാമ്പത്തിക, വ്യാപാര ഉപരോധങ്ങള്‍ പിന്‍വലിച്ചതായുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. എന്നാല്‍ സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷാര്‍ അല്‍ അസദിനും കുടുംബത്തിനുമുള്ള ഉപരോധത്തില്‍ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയെ പുനര്‍നിര്‍മിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും ഉപരോധം അവസാനിപ്പിക്കുമെന്നും മേയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. മേയില്‍ നടന്ന സൗദി സന്ദര്‍ശനത്തിനിടെയാണ് വര്‍ഷങ്ങളായി സിറിയയ്‌ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

ട്രംപിന്റെ തീരുമാനം ഏറെ കാലമായി കാത്തിരുന്ന സിറിയയുടെ പുനര്‍നിര്‍മാണത്തിനും വികസനത്തിനുമുള്ള വാതില്‍ തുറക്കുമെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി അസദ് അല്‍ ശിബാനി എക്‌സില്‍ കുറിച്ചു.

സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരായുമായി ട്രംപ് കൂടിക്കാഴ്ചയും നടത്തിയിരുന്നു. 25 വര്‍ഷത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ തമ്മില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയായിരുന്നു അത്.

24 വര്‍ഷം സിറിയയെ അടക്കിവാണ ബഷാര്‍ അല്‍ അസദിന്റെ കാലത്താണ് സിറിയയ്ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. 2024 ഡിസംബര്‍ എട്ടിനാണ് പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ തുരത്തി വിമതസഖ്യം അധികാരം പിടിച്ചത്.

അതേസമയം, യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി പ്രതികരിച്ചു.

More Stories from this section

family-dental
witywide