
ഇസ്ലാമാബാദ്: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇന്ത്യയ്ക്ക് കനത്ത മുന്നറിയിപ്പുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. നദീജലത്തെ ഇന്ത്യ ഒരു ‘ആയുധമായി’ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇൻഡസ് നദി പാകിസ്ഥാൻ്റെ ജീവരേഖയാണെന്നും, കീഴടങ്ങിക്കൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്നും “അന്തസ്സോടെയുള്ള സമാധാനമാണ്” പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 1960-ലെ ജല കരാർ ഇന്ത്യ നിർത്തിവെച്ച പശ്ചാത്തലത്തിലാണ് ഭൂട്ടോയുടെ ഈ പ്രതികരണം. ബിലാവൽ ഭൂട്ടോയുടെ വാക്കുകൾ:”പാകിസ്ഥാൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സിന്ധു നദി ഇന്ത്യയ്ക്ക് സമ്മർദ്ദം ചെലുത്താനുള്ള ഒരു ആയുധമോ വിട്ടുവീഴ്ചകൾക്കുള്ള വിലപേശൽ ചരടോ അല്ല. അത് പാകിസ്ഥാൻ്റെ ജീവരേഖയാണ്. ആ ജീവരേഖയെ ഒരു ജീവന്മരണ പ്രശ്നമാക്കി മാറ്റാൻ ശ്രമിച്ചാൽ അതിനെ രാജ്യത്തിൻ്റെ നിലനിൽപ്പിന് നേരെയുള്ള ഭീഷണിയായി കണക്കാക്കും. ഇന്ത്യ അന്താരാഷ്ട്ര വാഗ്ദാനങ്ങൾ പാലിക്കുന്നില്ല. ജലവിഭവങ്ങളെ ആയുധമാക്കുന്നത് അപകടകരമാണ്. ഞങ്ങൾ സമാധാനവും ചർച്ചകളും സഹവർത്തിത്വവും ആഗ്രഹിക്കുന്നു, എന്നാൽ അത് കീഴടങ്ങലിലൂടെയല്ല. പാകിസ്ഥാൻ തങ്ങളുടെ ജലവും ജനങ്ങളെയും പരമാധികാരത്തെയും ഭാവികളെയും സംരക്ഷിക്കും.”
അതേസമയം, പാകിസ്ഥാൻ്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്, വാർത്താവിനിമയ മന്ത്രി അതാവുള്ള താരാർ എന്നിവരും ഇന്ത്യയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “ഞങ്ങളുടെ ജലത്തിൽ തൊടാൻ ശ്രമിക്കുന്ന കൈകൾ വെട്ടിമാറ്റും” എന്ന് മുസാദിക് മാലിക് മുന്നറിയിപ്പ് നൽകിയപ്പോൾ, അയൽരാജ്യത്തെ പ്രധാനമന്ത്രി പാകിസ്ഥാനിലേക്കുള്ള ജലത്തിൻ്റെ ടാപ്പ് നിയന്ത്രിക്കുകയാണെന്നും ഒരു തുള്ളി വെള്ളം പോലും വിട്ടുതരില്ലെന്നാണ് പറയുന്നതെന്നും അതാവുള്ള താരാർ ആരോപിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചത്. പാകിസ്ഥാൻ തങ്ങളുടെ മണ്ണിലെ ഭീകരവാദികൾക്കെതിരെ വിശ്വസനീയവും ഉറപ്പുള്ളതുമായ നടപടികൾ സ്വീകരിക്കുന്നത് വരെ കരാർ പുനഃസ്ഥാപിക്കില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. “ചോരയും നീരും ഒരുമിച്ച് ഒഴുകില്ല” എന്നായിരുന്നു ഇതിന്മേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.
Indus Water Treaty dispute: ‘What is needed is not surrender, but peace with dignity’; Bilawal Bhutto lashes out at India














