കേസുകൾ അതിവേഗം തീർപ്പാക്കി ടെക്സസ് കോടതിയിൽ ചരിത്രനേട്ടവുമായി മലയാളി ജഡ്ജി സുരേന്ദ്രൻ പട്ടേൽ

ഹൂസ്റ്റൺ: കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതയിലൂടെയും അമേരിക്കൻ ജുഡീഷ്യറിയിൽ വീണ്ടും വിസ്മയമായി മലയാളി ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ. ടെക്സസ് ഫോർട്ട് ബെൻഡ് കൗണ്ടി 240-ാം ഡിസ്ട്രിക്റ്റ് കോടതിയിൽ ദീർഘകാലമായി തീർപ്പാകാതെ കെട്ടിക്കിടന്നിരുന്ന ഭൂരിഭാഗം കേസുകളും അതിവേഗം തീർത്തുക്കൊണ്ടാണ് അദ്ദേഹം ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

2023 ജനുവരിയിൽ ജഡ്ജിയായി ചുമതലയേറ്റത് മുതൽ ക്രിമിനൽ, സിവിൽ കേസുകൾ സമയബന്ധിതമായി തീർപ്പാക്കാൻ അദ്ദേഹം മുൻകൈ എടുത്തു. നിയമത്തിലെ കൃത്യതയും മാനുഷിക പരിഗണനയും ചേർത്തുവെച്ചുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തന ശൈലി യു.എസ് നിയമവൃത്തങ്ങളിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മികച്ച പ്രവർത്തന മികവ് മുൻനിർത്തി ഫോർട്ട് ബെൻഡ് ബാർ അസോസിയേഷൻ അദ്ദേഹത്തെ ഓണററി ജുഡീഷ്യൽ അഡ്വൈസറായി തിരഞ്ഞെടുക്കുകയും ചെയ്തു.

കേരളത്തിലെ കാസർഗോഡ് സ്വദേശിയായ സുരേന്ദ്രൻ പട്ടേൽ കടുത്ത ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പോരാടിയാണ് ഈ പദവിയിലെത്തിയത്. ബാല്യകാലത്ത് ബീഡിത്തൊഴിലാളിയായും ഹോട്ടൽ ജീവനക്കാരനായും ജോലി ചെയ്ത് പഠിച്ച അദ്ദേഹം, കോഴിക്കോട് ലോ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. പിന്നീട് സുപ്രീം കോടതിയിൽ അഭിഭാഷകനായിരിക്കെയാണ് യു.എസിലേക്ക് കുടിയേറിയത്. ഹൂസ്റ്റൺ സർവകലാശാലയിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി ടെക്സസ് ബാർ പരീക്ഷ പാസായ അദ്ദേഹം, ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായാണ് മത്സരരംഗത്തിറങ്ങിയതും യു.എസിൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയാകുന്ന ആദ്യ മലയാളി എന്ന ചരിത്രം കുറിച്ചതും.

Malayali judge Surendran Patel makes history in Texas court by quickly disposing of cases

More Stories from this section

family-dental
witywide