
വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ആദ്യ വർഷം ക്രിപ്റ്റോകറൻസി ബിസിനസുകളിലൂടെ മാത്രം 100 കോടിയിലധികം ഡോളർ (8,300 കോടിയിലധികം ഇന്ത്യൻ രൂപ) സമ്പാദിച്ചതായി റിപ്പോർട്ട്. ട്രംപിൻ്റെ 2025-ലെ നിർബന്ധിത സാമ്പത്തിക വെളിപ്പെടുത്തൽ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. മുൻപ് ക്രിപ്റ്റോ ഇടപാടുകളെ ശക്തമായി വിമർശിച്ചിരുന്ന ട്രംപിൻ്റെ പുതിയ വരുമാനം അദ്ദേഹത്തിൻ്റെ പരമ്പരാഗത റിയൽ എസ്റ്റേറ്റ് ബിസിനസിനെപ്പോലും മറികടക്കുന്നതാണ്.
ട്രംപ് അധികാരമേൽക്കുന്നതിന് മൂന്ന് ദിവസം മുൻപ് പുറത്തിറക്കിയ ‘ട്രംപ് മീം കോയിൻ’ വഴി 63.5 കോടി ഡോളർ റോയൽറ്റിയായി ലഭിച്ചു. കൂടാതെ അദ്ദേഹത്തിൻ്റെ മക്കൾ നടത്തുന്ന ‘വേൾഡ് ലിബർട്ടി ഫിനാൻസ്’ എന്ന ക്രിപ്റ്റോ കമ്പനിയിൽ നിന്ന് 50 കോടിയിലധികം ഡോളറും ട്രംപ് സ്വന്തമാക്കിയെന്നും 927 പേജുകളുള്ള സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.
പ്രശസ്തമായ മാർ-എ-ലാഗോ ക്ലബ്ബിൽ നിന്ന് 7.7 കോടി ഡോളറും ഡോറൽ ഗോൾഫ് ക്ലബ്ബിൽ നിന്ന് 12.2 കോടി ഡോളറും ട്രംപിന് ലഭിച്ചു. ബെഡ്മിൻസ്റ്റർ, ജൂപ്പിറ്റർ, ടേൺബെറി എന്നിവിടങ്ങളിലെ ഗോൾഫ് ക്ലബ്ബുകളിൽ നിന്ന് 3 കോടി ഡോളർ വീതവും വരുമാനമുണ്ടായി. കൂടാതെ, ട്രംപ് ബ്രാൻഡ് വാച്ചുകൾ, ബൈബിളുകൾ, ഷൂസുകൾ, പെർഫ്യൂമുകൾ, ഗിത്താറുകൾ എന്നിവയുടെ വില്പനയിലൂടെയും ദശലക്ഷക്കണക്കിന് ഡോളർ റോയൽറ്റി ഇനത്തിൽ ലഭിച്ചു. പ്രഥമ വനിത മെലാനിയ ട്രംപ് സ്വന്തം ഡോക്യുമെൻ്ററിയുടെ കരാറിലൂടെ 1.07 കോടി ഡോളറും, ഡിജിറ്റൽ ചിത്രങ്ങളുടെ (NFT) വില്പനയിലൂടെ 60 ലക്ഷം ഡോളറും നേടി.
എബിസി, സിബിഎസ്, മെറ്റാ, യൂട്യൂബ്, എക്സ് തുടങ്ങിയ പ്രമുഖ മാധ്യമ-സാമൂഹിക മാധ്യമ കമ്പനികളുമായുള്ള നിയമപോരാട്ടങ്ങളുടെ ഒത്തുതീപ്പിലൂടെയും വലിയൊരു തുക ട്രംപിന് ലഭിച്ചു. എന്നാൽ, ഈ തുക ഭാവിയിലെ പ്രസിഡൻഷ്യൽ ലൈബ്രറിയുടെ നിർമ്മാണത്തിനും പാർക്കുകളുടെ സംരക്ഷണത്തിനുമായി മാറ്റിവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, ട്രംപ് പ്രസിഡൻ്റ് പദവി വ്യക്തിപരമായ ബിസിനസ് നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന ആരോപണം വൈറ്റ് ഹൗസ് ശക്തമായി നിഷേധിച്ചു. ട്രംപിൻ്റെ ബിസിനസുകൾ ഇപ്പോൾ അദ്ദേഹത്തിൻ്റെ മക്കൾ നിയന്ത്രിക്കുന്ന ഒരു ട്രസ്റ്റിൻ്റെ കീഴിലാണെന്നും താല്പര്യ വൈരുദ്ധ്യങ്ങൾ ഇല്ലെന്നും ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി വ്യക്തമാക്കി. അമേരിക്കയെ ലോകത്തിൻ്റെ “ക്രിപ്റ്റോ തലസ്ഥാനം” ആക്കി മാറ്റിയതിൽ പ്രസിഡൻ്റിന് അഭിമാനമുണ്ടെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.
Trump earned over $1 billion in his first year through crypto transactions; financial details revealed















