ഒപിടി ഫീസ് ഒരു ലക്ഷം ഡോളർ വരെ; വിദേശ വിദ്യാർഥികളുടെ തൊഴിൽ അവസരം ഇല്ലാതാകുമെന്ന് യുഎസ് സർവകലാശാലകൾ

വാഷിങ്ടൺ: പഠനശേഷം അമേരിക്കയിൽ തൊഴിൽപരിചയം നേടാൻ വിദേശ വിദ്യാർഥികളെ അനുവദിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) പദ്ധതിക്ക് ഒരു ലക്ഷം ഡോളർ വരെ ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ യുഎസിലെ സർവകലാശാലകൾ. നിർദേശം നടപ്പാക്കിയാൽ നിരവധി വിദേശ വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാതാകുമെന്ന് 600ഓളം കോളജുകളെയും സർവകലാശാലകളെയും പ്രതിനിധീകരിക്കുന്ന പ്രസിഡന്റ്സ് അലയൻസ് ഓൺ ഹയർ എജ്യുക്കേഷൻ ആൻഡ് ഇമിഗ്രേഷൻ മുന്നറിയിപ്പ് നൽകി.

പ്രാഥമിക ഒപിടി അനുമതിക്കായി വിദ്യാർഥിയെ ശുപാർശ ചെയ്യുന്നതിന് സർവകലാശാലകൾ 70,000 ഡോളറും പിന്നീട് STEM ഒപിടി കാലാവധി നീട്ടുന്നതിനുള്ള ശുപാർശയ്ക്ക് 30,000 ഡോളറും നൽകണമെന്നാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (ഡിഎച്ച്എസ്) നിർദേശം. ഇതോടെ ഒരു വിദ്യാർഥിക്ക് ആകെ ഫീസ് ഒരു ലക്ഷം ഡോളറാകും. ഫീസ് നിർദേശത്തിന് മതിയായ ന്യായീകരണം നൽകിയിട്ടില്ലെന്നും തട്ടിപ്പ് തടയുന്നതിനോ അമേരിക്കൻ തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കുന്നതിനോ ഇത് എങ്ങനെ സഹായിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. നിർദേശം പൂർണമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

ഫീസ് നടപ്പാക്കിയാൽ ഒപിടി പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം 79 ശതമാനം വരെ കുറയാമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. 6,000ത്തോളം വിദേശ വിദ്യാർഥികളുള്ള ഒരു പൊതുസ്ഥാപനത്തിന് പ്രതിവർഷം ആറു കോടിയിലധികം ഡോളർ ചെലവുണ്ടാകുമെന്നും കണക്കാക്കുന്നു. പുതിയ ഫീസ് അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം തേടുന്ന വിദേശ വിദ്യാർഥികളെയും പിന്തിരിപ്പിക്കുമെന്ന് സംഘടന വ്യക്തമാക്കി. സർവേയിൽ പങ്കെടുത്ത 69 ശതമാനം രാജ്യാന്തര വിദ്യാർഥികളും നിർദേശിച്ച ഫീസ് നിലവിലുണ്ടായിരുന്നെങ്കിൽ അമേരിക്കയിൽ പഠിക്കാൻ ചേരില്ലായിരുന്നുവെന്ന് പ്രതികരിച്ചു. STEM മേഖലകളിലെ വിദ്യാർഥികളിൽ ഇത് 70 ശതമാനമാണ്.

2024-25 അധ്യയനവർഷത്തിൽ വിദേശ വിദ്യാർഥികൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 4290 കോടി ഡോളറിന്റെ സംഭാവന നൽകിയെന്നും 3,55,736 തൊഴിലവസരങ്ങൾക്ക് പിന്തുണയായെന്നും നാഫ്‌സയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഒപിടി പദ്ധതി ഗവേഷണ പ്രവർത്തനങ്ങൾക്കും സർവകലാശാലകളും തൊഴിലുടമകളും തമ്മിലുള്ള സഹകരണത്തിനും നിർണായകമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. എഫ്-1 വിസയിലുള്ള യോഗ്യരായ വിദേശ വിദ്യാർഥികൾക്ക് പഠിച്ച വിഷയവുമായി ബന്ധപ്പെട്ട മേഖലയിൽ താൽക്കാലികമായി ജോലി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണ് ഒപിടി.

$100,000 OPT fees could shut international students out of post-study work, US universities warn

More Stories from this section

family-dental
witywide