അദാനിക്ക് അനുകൂലമായ യു.എസ് കോടതി വിധി: പ്രധാനമന്ത്രി ഇന്ത്യയുടെ താൽപ്പര്യങ്ങൾ പണയപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: യു.എസ് കോടതി, വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കിയതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ പണയപ്പെടുത്തിയെന്നും ഇതിന് രാജ്യം വലിയ വില നൽകേണ്ടി വരികയാണെന്നും അദ്ദേഹം ആരോപിച്ചു.

അദാനിക്കെതിരെയുള്ള കുറ്റപത്രങ്ങൾ യു.എസ് ഫെഡറൽ കോടതി തള്ളിയ വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. “കാണുന്നതിനപ്പുറം വലിയൊരു ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. സമ്മർദ്ദത്തിലായ പ്രധാനമന്ത്രി ഇന്ത്യയുടെ താൽപ്പര്യങ്ങൾ വിൽക്കാൻ നിർബന്ധിതനായി,” രാഹുൽ ഗാന്ധി കുറിച്ചു.

യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ആവശ്യപ്രകാരം ജഡ്ജി നിക്കോളാസ് ഗരാഫിസാണ് കേസ് തള്ളിയത്. എന്നാൽ, കേസ് പിൻവലിക്കാനുള്ള യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ ട്രെൻ്റ് മക്കോട്ടിൻ്റെ നടപടിയെ ജഡ്ജി കടുത്ത ഭാഷയിൽ വിമർശിച്ചു. എഫ്.ബി.ഐ, എസ്.ഇ.സി എന്നീ അന്വേഷണ ഏജൻസികളോട് ആലോചിക്കാതെ, പ്രതിഭാഗം വക്കീലന്മാരുമായി ചേർന്ന് കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ച മക്കോട്ടിൻ്റെ നടപടി തികച്ചും അസാധാരണമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. കേസ് വിദേശത്തുണ്ടായതാണെന്നും തെളിയിക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും ചൂണ്ടിക്കാണിച്ചാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയത്.

സൗരോർജ്ജ പദ്ധതികൾക്ക് അനുമതി ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നും അന്താരാഷ്ട്ര നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു എന്നതുമായിരുന്നു ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവരുൾപ്പെടെ എട്ടുപേർക്കെതിരെയുള്ള കേസ്. എന്നാൽ കേസ് റദ്ദാക്കിയ കോടതി വിധിയെ പൂർണ്ണ വിനയത്തോടെയും ജുഡീഷ്യറിയോടുള്ള ആദരവോടെയും സ്വാഗതം ചെയ്യുന്നുവെന്ന് ഗൗതം അദാനി പ്രതികരിച്ചു.

US court ruling in favor of Adani: Rahul Gandhi says PM has put India’s interests at risk

More Stories from this section

family-dental
witywide