
ബോസ്റ്റൺ: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ പതിനേഴുകാരൻ അറസ്റ്റിൽ. മസാച്യുസെറ്റ്സിലെ ആക്ടൻ സ്വദേശിയായ അർജുൻ അരവിന്ദാണ് ബുധനാഴ്ച രാവിലെ പൊലീസിൻ്റെ പിടിയിലായത്. അർജുൻ്റെ അമ്മ സുധ വെങ്കടേശൻ (45), സഹോദരൻ സിദ്ധാർഥ് അരവിന്ദ് (14) എന്നിവരാണ് ചൊവ്വാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സ്വന്തം കുടുംബത്തെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കൽപിക കഥകളും ആശയങ്ങളും പ്രതി ചാറ്റ് ജിപിടി ഉൾപ്പെടെയുള്ള എഐ ചാറ്റ്ബോട്ടുകളിലും ഇൻ്റർനെറ്റിലും തിരഞ്ഞിരുന്നതായി മിഡിൽസെക്സ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി മരിയൻ റയാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുടുംബം ഇല്ലാതാകുന്ന തരത്തിലുള്ള ഗോഥിക് ശൈലിയിലുള്ള കഥകൾ നിർമ്മിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആക്ടണിലെ മാർത്ത ലെയ്നിലുള്ള വീടിനുള്ളിൽ ദാരുണമായ പരിക്കുകളോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്യൂഷൻ അധ്യാപകന് വീട്ടിൽ പ്രവേശിക്കാൻ കഴിയാതെ വരികയും, ഭാര്യയെയും മകനെയും ഫോണിൽ കിട്ടാതാവുകയും ചെയ്തതിനെ തുടർന്ന് അർജുൻ്റെ പിതാവാണ് പൊലീസിനെ വിവരമറിയിച്ചത്. വീടിൻ്റെ ഒന്നാം നിലയിലാണ് 14-കാരനായ സഹോദരൻ സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ സുധാ വെങ്കിടെശൻ്റെ മൃതദേഹം വീടിന്റെ ബേസ്‌മെൻ്റിലും കണ്ടെത്തി. ഇരുവർക്കും കഠിനമായ ശാരീരിക പരിക്കേറ്റിരുന്നു.
കൊലപാതകത്തിന് ശേഷം അമ്മയുടെ ഹോണ്ട അക്കോർഡ് കാറുമായി കടന്നുകളഞ്ഞ പ്രതിയെ, ബുധനാഴ്ച രാവിലെ വേയ്‌ലാൻഡിലെ ഒരു പാർക്കിംഗ് ലോട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ രണ്ട് വധക്കുറ്റങ്ങൾ കൂടാതെ മോട്ടോർ വാഹനം മോഷ്ടിക്കൽ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
17-year-old Indian-origin man arrested in US for murdering mother and brother; murder planned using AI chatbots













