
ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 11 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ ആഗോള ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ പ്രാദേശിക വിഭാഗമെന്ന് ഐക്യരാഷ്ട്രസഭ. യുഎൻ സെക്യൂരിറ്റി കൗൺസിലിൻ്റെ നിരീക്ഷണ സംഘം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദക്ഷിണേഷ്യയിൽ അൽ-ഖ്വയ്ദ ശൃംഖല അതിവേഗം വിപുലമാകുന്നതായും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
‘അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനൻ്റ്’ (എക്യുഐഎസ്) എന്ന ഭീകരസംഘടന ഇപ്പോൾ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ സജീവമാണ്. ഇന്ത്യയിലെ ആക്രമണത്തിന് പുറമെ, ബംഗ്ലാദേശിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും അവിടെ പുതിയ ഭീകരകോശങ്ങൾ സ്ഥാപിക്കാനും ഇവർ ശ്രമിക്കുന്നതായി അന്താരാഷ്ട്ര നിരീക്ഷണ സംഘം വ്യക്തമാക്കുന്നു. സംഘടനയുടെ വളർന്നുവരുന്ന ഭീകരവാദ ശേഷിയുടെ ഏറ്റവും വ്യക്തമായ തെളിവാണ് ചെങ്കോട്ട ആക്രമണമെന്ന് റിപ്പോർട്ടിലുണ്ട്.
വലിയ ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നതിന് പകരം, സുരക്ഷാ ഏജൻസികളുടെ കണ്ണിൽപ്പെടാത്ത ചെറിയ വികേന്ദ്രീകൃത സെല്ലുകളായാണ് എക്യുഐഎസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിരോധം നേരിട്ടിട്ടും തങ്ങളുടെ സാമ്പത്തിക-ലോജിസ്റ്റിക്സ് ശൃംഖലകൾ നിലനിർത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. 2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൻ്റെ പ്രധാന സൂത്രധാരൻ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ മുൻ അസിസ്റ്റൻ്റ് പ്രൊഫസറായ ഉമർ ഉൻ-നബിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA) കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ ഇയാൾ കൊല്ലപ്പെട്ടിരുന്നു. ഈ മൊഡ്യൂളിന് പിന്നിൽ എക്യുഐഎസ് പ്രചോദനമുണ്ടെന്ന എൻഐഎ കണ്ടെത്തലിന് അടിവരയിടുന്നതാണ് പുതിയ യുഎൻ റിപ്പോർട്ട്.
ഭീകര സംഘടനകൾ വിവരശേഖരണത്തിനും പ്രചാരണങ്ങൾക്കുമായി ചാറ്റ്ജിപിറ്റി ഉൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകൾ വ്യാപകമായി ഉപയോഗിക്കുന്നതായും യുഎൻ ആശങ്ക പ്രകടിപ്പിച്ചു. ബോംബ് നിർമ്മാണം, ആക്രമിക്കേണ്ട ലക്ഷ്യങ്ങൾ കണ്ടെത്തൽ എന്നിവയ്ക്കാണ് എഐ പ്രധാനമായും ഉപയോഗിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ തങ്ങളുടെ ഭീകരവാദ പ്രചാരണങ്ങൾ വിവിധ ഭാഷകളിലേക്ക് അതിവേഗം വിവർത്തനം ചെയ്യാൻ എഐ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ കെമിക്കൽ, ബയോളജിക്കൽ ആയുധങ്ങൾ നിർമ്മിക്കാനുള്ള താല്പര്യവും ഭീകരർ പ്രകടിപ്പിക്കുന്നുണ്ട്.
ആഗോള ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി യുഎൻ ഉപരോധ പട്ടികയിൽ മാറ്റം വരുത്തിയിട്ടുണ്ട്. മൂന്ന് പേരെ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തുകയും ഏഴ് പേരെ ഒഴിവാക്കുകയും ചെയ്തു. കൂടാതെ സിറിയയിൽ സജീവമായ ‘അൽ-നുസ്ര ഫ്രണ്ടിനെ’ ഉപരോധ പട്ടികയിൽ നിന്ന് ഔദ്യോഗികമായി ഒഴിവാക്കിയിട്ടുണ്ട്. ആഗോള സുരക്ഷാ ഏജൻസികളെ വെട്ടിച്ച് ഭീകര സംഘടനകൾ തങ്ങളുടെ പ്രവർത്തന രീതികൾ മാറ്റുന്ന പശ്ചാത്തലത്തിൽ, ചെങ്കോട്ട ആക്രമണത്തിന് പിന്നിലെ അൽ-ഖ്വയ്ദ ബന്ധം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.
Delhi’s Red Fort blast that killed 11 people: UN report says Al-Qaeda behind it












