16-ാമത് KCCNA കൺവെൻഷൻ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രജിസ്ട്രേഷൻ ജൂൺ 6-ന് അവസാനിക്കും

ബൈജു ആലപ്പാട്ട്
KCCNA പി.ആർ.ഒ., ഡാളസ്

ഫ്ലോറിഡ: ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് കെ.സി.സി.എൻ.എ. നാഷണൽ കൺവെൻഷൻ്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026 ജൂൺ 6-ന് അവസാനിക്കുമെന്നും കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു.

2026 ആഗസ്റ്റ് 6 മുതൽ 9 വരെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലുള്ള ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന 16-ാമത് കെ.സി.സി.എൻ.എ. നാഷണൽ കൺവെൻഷൻ, വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്ക സമൂഹത്തിൻ്റെ ഏറ്റവും വലിയതും അഭിമാനകരവുമായ സംഗമങ്ങളിലൊന്നായിരിക്കും. കെസിഎഎസ്എഫ് (മയാമി), കെസിസിസിഎഫ് (ടാമ്പാ) യൂണിറ്റുകളുടെ സംയുക്ത ആതിഥേയത്വത്തിലാണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.

അമേരിക്കയിലെയും കാനഡയിലെയും ആയിരക്കണക്കിന് ക്നാനായ കുടുംബങ്ങൾ ഈ ചരിത്രസംഗമത്തിൽ പങ്കെടുക്കുമെന്ന് കെ.സി.സി.എൻ.എ. പ്രസിഡൻ്റ് ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ, കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ എന്നിവർ അറിയിച്ചു. സ്വന്തം ജനതയോടുള്ള ആത്മബന്ധവും പാരമ്പര്യത്തോടുള്ള അഭിമാനവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ക്നാനായ സമൂഹത്തിന് ഒരിക്കൽക്കൂടി ഒന്നിച്ചുചേരാനുള്ള അപൂർവ അവസരമാണ് ഈ കൺവെൻഷനെന്നും അവർ പറഞ്ഞു.

നോർത്ത് അമേരിക്കയിലെ 27 യൂണിറ്റുകളിൽ നിന്നായി 4,000-ത്തിലധികം അംഗങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കുടുംബസംഗമത്തെ അവിസ്മരണീയമാക്കുന്നതിനായി സ്റ്റിയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 50-ലധികം സബ് കമ്മിറ്റികൾ അക്ഷീണം പ്രവർത്തിച്ചുവരികയാണ്.

ക്നാനായ സമൂഹത്തിൻ്റെ വിശ്വാസവും പാരമ്പര്യവും ഐക്യവും ആഘോഷിക്കുന്ന വേദിയായ ഈ കൺവെൻഷൻ കുടുംബങ്ങൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ആത്മീയവും സാമൂഹികവും സാംസ്കാരികവുമായ അനുഭവങ്ങൾ സമ്മാനിക്കും. വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിൻ്റെ ശക്തിയും കൂട്ടായ്മയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വൻസംഗമമായിരിക്കും ഇത്.

ഇതിനോടകം 900-ലധികം രജിസ്ട്രേഷനുകൾ ലഭിച്ചുകഴിഞ്ഞു. ഇതുവഴി 3,500-ത്തിലധികം കുടുംബാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. രജിസ്ട്രേഷന്റെ അവസാന തീയതി 2026 ജൂൺ 6 ആണെന്ന് സംഘാടകർ വീണ്ടും ഓർമ്മിപ്പിക്കുന്നു.

രജിസ്ട്രേഷൻ ഫീസ് പൂർണമായി അടച്ചതിനുശേഷം മാത്രമേ രജിസ്ട്രേഷൻ പൂർത്തിയായതായി കണക്കാക്കുകയുള്ളൂ. ഹോട്ടൽ മുറികൾ അനുവദിക്കുന്നത് പേയ്മെന്റ് ലഭിക്കുന്ന ക്രമത്തിലായതിനാൽ മികച്ച താമസസൗകര്യം ഉറപ്പാക്കാൻ എത്രയും വേഗം രജിസ്റ്റർ ചെയ്ത് പേയ്മെൻ്റ് പൂർത്തിയാക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

രജിസ്ട്രേഷനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://convention.kccna.com

കെ.സി.സി.എൻ.എ.യുടെ പോഷകസംഘടനകളായ വിമൻസ് ഫോറം, ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL), യുവജനവേദി, ക്നാനായ യംഗ് അഡൾട്സ് (KYA) എന്നിവയുടെ നേതൃത്വത്തിൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ കലാ, സാംസ്കാരിക, സാമൂഹിക പരിപാടികൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇത്തവണ ഗോൾഫ്, പിക്കിൾബോൾ, 35 വയസിന് മുകളിലുള്ളവർക്കായി 3×3 ബാസ്‌ക്കറ്റ്ബോൾ മത്സരം എന്നിവ ഉൾപ്പെടെയുള്ള ആകർഷകമായ കായിക പരിപാടികളും കൺവെൻഷൻ്റെ പ്രത്യേകതയായിരിക്കും. കുടുംബാംഗങ്ങൾക്കായി സമഗ്രമായ വിനോദ-കായിക പാക്കേജാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

16-ാമത് കെ.സി.സി.എൻ.എ. കൺവെൻഷനെ സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയതും വിജയകരവുമായ സംഗമമാക്കി മാറ്റാൻ എല്ലാ ക്നാനായ കുടുംബങ്ങളുടെയും സഹകരണവും പങ്കാളിത്തവും സംഘാടകർ അഭ്യർഥിച്ചു. ക്നാനായ സമൂഹത്തിൻ്റെ ഐക്യവും ശക്തിയും പാരമ്പര്യബോധവും പ്രതിഫലിപ്പിക്കുന്ന ഒരു മഹാസംഗമമായിരിക്കും ഇത്തവണത്തേതെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കെ.സി.സി.എൻ.എ.യ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡൻ്റ് ജെയിംസ് ഇല്ലിക്കൽ (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്ലാൻ്റ) എന്നിവരാണ്.

ഇവർക്കൊപ്പം കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (ടാമ്പാ), എബി തെക്കനാട്ട് (മയാമി), കൂടാതെ നിരവധി കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവർത്തകരും കൺവെൻഷൻ്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചുവരികയാണ്.

16th KCCNA Convention: Preparations are in full swing; registration ends on June 6

More Stories from this section

family-dental
witywide