
വാഷിംഗ്ടൺ: നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എ.ഐ) മേഖലയിൽ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, രാജ്യത്ത് ‘സൂപ്പർ ഇന്റലിജൻസ് ഫോഴ്‌സ്’ (എസ്ഐഎഫ്) രൂപീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. മുൻനിര എഐ കമ്പനികളുടെ തലവൻമാരുമായി വൈറ്റ് ഹൗസിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഞായറാഴ്ച ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം വന്നത്.
ലോകത്തെ ഏറ്റവും പ്രമുഖ ടെക്നോളജി കമ്പനികൾ ഒത്തുചേർന്ന് അമേരിക്കൻ ജനതയോടുള്ള ഉത്തരവാദിത്തങ്ങൾ അടിവരയിട്ട ചരിത്രപരമായ വൈറ്റ് ഹൗസ് കരാറിനെത്തുടർന്നാണ് സൂപ്പർ ഇന്റലിജൻസ് ഫോഴ്‌സ് രൂപീകരിക്കുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്നതിന് പകരം ‘സൂപ്പർ ഇന്റലിജൻസ്’ എന്ന പദം ഉപയോഗിക്കാൻ ഫെഡറൽ സർക്കാരിന് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മേഖലയിൽ ആഗോളതലത്തിൽ അമേരിക്കയുടെ മേൽക്കോയ്മ നിലനിർത്താൻ ടാസ്ക് ഫോഴ്സ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും. ഉപഭോക്താക്കൾ, പൊതുതാൽപര്യ സംഘടനകൾ, മത സംഘടനകൾ, ഇൻഫ്രാസ്ട്രക്ചർ ദാതാക്കൾ, വ്യവസായ പ്രമുഖർ എന്നിവരുമായി ടാസ്ക് ഫോഴ്സ് നിരന്തരം ആശയവിനിമയം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് ജേ ക്ലേട്ടൻ ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകും. ക്ലേട്ടനെ അമേരിക്കയുടെ ‘എഐ സാർ’ ആയി നിയമിക്കാൻ സാധ്യതയുണ്ടെന്ന് സി.ബി.എസ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഫെഡറൽ ട്രേഡ് കമ്മീഷൻ ചെയർമാൻ ആൻഡ്രൂ ഫെർഗൂസൺ, പെന്റഗണിന്റെ ചീഫ് ടെക്നോളജി ഓഫീസറും അണ്ടർ സെക്രട്ടറിയുമായ എമിൽ മൈക്കൽ, ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ് ഡയറക്ടർ സ്കോട്ട് കുപോർ എന്നിവരും സമിതിക്ക് നേതൃത്വം നൽകും. ഇവർ പ്രസിഡന്റിനും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനുമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.
ഓപ്പൺ എഐ, ആന്ത്രോപിക്, ഗൂഗിൾ, മെറ്റ, എൻവിഡിയ, ഇലോൺ മസ്കിന്റെ സ്പേസ് എക്സ് എ.ഐ തുടങ്ങിയ മുൻനിര കമ്പനികളുടെ തലവൻമാരുമായാണ് ട്രംപ് കൂടിക്കാഴ്ച നടത്തിയത്. യോഗത്തിൽ കമ്പനികൾ സ്വമേധയാ നടപ്പാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളിൽ ഒപ്പുവെച്ചു. ഇത് ‘ധാർമ്മികമായി ബാധ്യതയുള്ള’ ഉടമ്പടിയാണെന്നും കമ്പനികൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രംപ് പ്രതികരിച്ചു. എ.ഐ മോഡലുകൾ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര വിലയിരുത്തലുകൾ, ബാഹ്യ ഏജൻസികളുടെ ഓഡിറ്റിങ്, കമ്പനി ബോർഡുകളുടെ മേൽനോട്ടം എന്നിവയടങ്ങുന്ന ‘നാലുതല നിയന്ത്രണ സംവിധാനം’ ഏർപ്പെടുത്താൻ ടെക് കമ്പനികൾ സമ്മതിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി വ്യവസ്ഥാപിതമായി ഒത്തുചേരാനും ധാരണയായിട്ടുണ്ട്.














