
ടോക്കിയോ: ജപ്പാനിലെ ഒകിനാവ ദ്വീപിലെ ഹോട്ടൽ മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് നാവികസേനാംഗം (യുഎസ് മറൈൻ) അറസ്റ്റിലായി. കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി ഞായറാഴ്ചയാണ് ഇയാളെ ഒകിനാവ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം അങ്ങേയറ്റം ക്രൂരവും നികൃഷ്ടവുമാണെന്ന് വിശേഷിപ്പിച്ച ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചി, അമേരിക്കയെ ശക്തമായ അതൃപ്തിയും പ്രതിഷേധവും അറിയിച്ചു.
ഒകിനാവയിലെ നാഹ നഗരത്തിലുള്ള ഹോട്ടൽ മുറിയിൽ ശനിയാഴ്ച പുലർച്ചെയാണ് 39 വയസ്സുകാരിയായ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ശരീരത്തിലെ പരിക്കുകളും സാഹചര്യങ്ങളും പരിശോധിച്ചതിൽ നിന്ന് ഇത് കൊലപാതകമാണെന്ന് വ്യക്തമായതായി പൊലീസ് സിഎൻഎന്നിനോട് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ ജപ്പാൻ സർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചതായി പ്രധാനമന്ത്രി സനേ തകൈച്ചി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. അന്വേഷണവുമായി അമേരിക്കൻ ഭരണകൂടം പൂർണമായി സഹകരിക്കണമെന്നും, ജപ്പാനിലുള്ള യുഎസ് സൈനികർക്കിടയിൽ കർശന അച്ചടക്കം ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. സൈനികരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും അപകടങ്ങളും തടയുന്നതിന് സമഗ്രമായ നടപടികൾ സ്വീകരിക്കണമെന്നും തകൈച്ചി വ്യക്തമാക്കി.
ഒകിനാവയിലെ തന്നെ ഫുറ്റെൻമ എയർ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന ഇരുപതുകാരനായ യുഎസ് മറൈനാണ് കേസിൽ അറസ്റ്റിലായത്. തല മുണ്ഡനം ചെയ്ത വിദേശിയായ ഒരാൾ യുവതിയോടൊപ്പം ഹോട്ടൽ മുറിയിലേക്ക് കയറുന്നതും പിന്നീട് യുവതിയുടെ സാധനങ്ങളുമായി മുറിയിൽ നിന്ന് പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംഭവത്തിൽ യു.എസ് മറൈൻ കോർപ്സ് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു. ഉയർന്ന പെരുമാറ്റച്ചട്ടങ്ങൾ സൈനികരിൽ നിന്ന് പ്രതീക്ഷിക്കുന്നതായും ഉയർന്നുവന്ന ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സേന വ്യക്തമാക്കി.
മൂന്നാം മറൈൻ എക്‌സ്‌പെഡിഷണറി ഫോഴ്‌സിലെ അംഗത്തിനെതിരെയുള്ള അന്വേഷണവുമായി ജാപ്പനീസ് അധികൃതരുമായി ചേർന്ന് പൂർണമായി സഹകരിക്കുമെന്നും യുഎസ് മറൈൻ കോർപ്സ് അറിയിച്ചു. ഒകിനാവയിൽ ജാപ്പനീസ് വനിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു യുഎസ് സൈനികൻ കസ്റ്റഡിയിലുള്ള വിവരം അറിഞ്ഞതായി ടോക്കിയോയിലെ യു.എസ് എംബസിയും പ്രതികരിച്ചു. സംഭവത്തിന് പിന്നിലെ യഥാർത്ഥ വിവരങ്ങൾ കണ്ടെത്താൻ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ജപ്പാൻ സർക്കാരുമായും പ്രാദേശിക അധികാരികളുമായും നിരന്തരം ആശയവിനിമയവും സഹകരണവും നടത്തുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 4:30 ഓടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് 24 മണിക്കൂറിനുള്ളിൽ, ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിൽ നടന്നുപോകുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.













