
വാഷിംഗ്ടൺ: ഇറാന്റെ കാര്യത്തിൽ താൻ ഉടൻ തന്നെ ഒരു സുപ്രധാന തീരുമാനമെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഒഹായോയിലെ വാൻഡാലിയയിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിന് തൊട്ടുമുമ്പ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നൽകിയത്. ഇറാൻ ഇതിനകം തന്നെ കനത്ത തകർച്ചയെ നേരിട്ടു കഴിഞ്ഞുവെന്നും, അതിനാൽ കാര്യങ്ങൾ എളുപ്പവഴിയിലോ അതോ കടുത്ത നടപടികളിലൂടെയോ നേരിടണമെന്ന ചോദ്യം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂവെന്നും ട്രംപ് തുറന്നടിച്ചു.
ഇറാന്റെ കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളാനുണ്ടെന്നും അത് എളുപ്പമുള്ള വഴിയോ അതോ കഠിനമായ വഴിയോ ആകാം എന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് ആവർത്തിച്ചു. ഇറാൻ യുദ്ധത്തെക്കുറിച്ചും ഹൂതികളും സൗദി അറേബ്യയും തമ്മിൽ രൂക്ഷമാകുന്ന സംഘർഷങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ മുതിർന്ന ട്രംപ് ഭരണകൂട ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ക്യാമ്പ് ഡേവിഡിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ ഈ പ്രസ്താവന പുറത്തുവന്നത്.
യോഗത്തിൽ പങ്കെടുത്ത യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധം അതീവ ശക്തമാണെന്ന് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. കടലിടുക്ക് കേന്ദ്രീകരിച്ച് കളികൾ തുടരാനാണ് ഇറാന്റെ ഭാവമെങ്കിൽ, അവർക്കെതിരെ സ്വീകരിക്കാൻ ആവശ്യമായ എല്ലാ ബദൽ നടപടികളും പ്രസിഡന്റ് ട്രംപിനു മുന്നിൽ തുറന്നുകിടക്കുകയാണെന്നും ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകിയിരുന്നു.














