
വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അതീവ ശക്തമാണെന്നും, കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ കളികൾ തുടർന്നാൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു മുന്നിൽ എല്ലാവിധ നടപടികൾക്കുമുള്ള സാധ്യതകൾ തുറന്നുകിടക്കുകയാണെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകിയത്.
ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് കളികൾ നടത്താനാണ് ഇറാൻ ശ്രമിക്കുന്നതെന്നും എന്നാൽ അവിടം ഇറാന്റെ നിയന്ത്രണത്തിലല്ല, മറിച്ച് അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും ഹെഗ്സെത്ത് പറഞ്ഞു. ഇറാന് ഒരുതരത്തിലും ഈ വഴിയിലൂടെ ചരക്കുകളോ കപ്പലുകളോ കടത്തിവിടാൻ സാധിച്ചിട്ടില്ല. യുദ്ധത്തിന് മുമ്പുള്ളതിന് സമാനമായ തോതിൽ ചരക്കുനീക്കം സാധ്യമാക്കുന്ന രീതിയിൽ അമേരിക്കൻ ഉപരോധം അത്രമേൽ ശക്തമായി നിലനിൽക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ വിഷയത്തിൽ രാജ്യം ഏറെ ശക്തമായ നിലയിലാണെന്നും, ഇറാൻ ശരിയായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റായ വഴിയിലാണ് ഇറാൻ നീങ്ങുന്നതെങ്കിൽ, പ്രസിഡന്റിനു മുന്നിൽ ആവശ്യമുള്ള എല്ലാ ബദൽ നടപടികളും സജ്ജമാണ്. കാര്യങ്ങൾ അനാവശ്യമായി നീട്ടിക്കൊണ്ടുപോകാൻ ട്രംപ് അനുവദിക്കില്ലെന്നും, ദൗത്യം എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടെന്നും ഏതു നിമിഷവും അത് നടപ്പിലാക്കാൻ രാജ്യം സജ്ജമാണെന്നും ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കരുതെന്ന കാര്യത്തിൽ ട്രംപ് ഭരണകൂടം കർക്കശമായ നിലപാടിലാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. ഇറാൻ ഒരു കാരണവശാലും ആണവായുധം നിർമിക്കില്ലെന്നതാണ് അമേരിക്കയുടെ സന്ദേശം. ഇക്കാര്യം ഉറപ്പുവരുത്താൻ പ്രസിഡന്റ് ട്രംപ് തികച്ചും ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം അടിവരയിട്ടു.














