വാഷിങ്ടൺ: ലിങ്കൺ മെമ്മോറിയലിന് സമീപമുള്ള റിഫ്ലക്ടിങ് പൂളിൽ വൻ നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പുതുതായി നവീകരിച്ച പൂളിന്റെ ലൈനിംഗിൽ 250 അടി നീളത്തിലുള്ള വിള്ളലുണ്ടാക്കിയതായും വെള്ളത്തിൽ രാസവസ്തുക്കൾ ഒഴിച്ചതായും അദ്ദേഹം ആരോപിച്ചു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
“നമ്മുടെ മനോഹരമായ റിഫ്ലക്ടിങ് പൂളിന്റെ നാശനഷ്ടവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1922-ൽ നിർമ്മിച്ചതിന് ശേഷം ഇത്രയും മനോഹരമായി ഇത് ഒരിക്കലും കണ്ടിട്ടില്ല. മുമ്പ് ചോർച്ചയും പ്രശ്നങ്ങളും ഉണ്ടായിരുന്നുവെങ്കിലും, ഞങ്ങൾ നവീകരിച്ച ശേഷം അത് പൂർണതയോടെ പ്രവർത്തിച്ചു. രണ്ട് മഹത്തായ സ്മാരകങ്ങളുടെ പ്രതിബിംബം കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്ന നിലയിലായിരുന്നു,” ട്രംപ് പറഞ്ഞു.
“മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് പൂളിന്റെ പുതിയ ലൈനിംഗിൽ 250 അടി നീളത്തിൽ വിള്ളലുണ്ടാക്കി. നിർമ്മാണത്തിന് ഏറെ പരിശ്രമവും പണവും ചെലവഴിച്ച സംവിധാനമാണ് ഇത്. കൂടാതെ, നാശകരമായ രാസവസ്തുക്കളും പൂളിലേക്ക് ഒഴിച്ചു.”മുൻ ഭരണകൂടങ്ങൾ റിഫ്ലക്ടിങ് പൂൾ പരിപാലനത്തിൽ പരാജയപ്പെട്ടുവെന്നും അതിനാൽ ആൽഗകൾ വളർന്ന് വെള്ളം പച്ചനിറമായിരുന്നുവെന്നും ട്രംപ് വിമർശിച്ചിരുന്നു. തുടർന്ന് ‘അമേരിക്കൻ പതാകയുടെ നീലനിറം’ ഉള്ള പുതിയ ലൈനിംഗ് സ്ഥാപിച്ച് പ്രതിഫലനം മെച്ചപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നവീകരണത്തിന് പിന്നാലെ വീണ്ടും ആൽഗ വളർച്ച മൂലം വെള്ളം പച്ചനിറം സ്വീകരിച്ചതായും, പ്രശ്നം പരിഹരിക്കാൻ നടത്തിയ രാസപരിശോധനകൾക്ക് പിന്നാലെ പുതിയ ലൈനിംഗ് ഇളകിത്തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ, അമേരിക്കൻ പാർക്ക് പോലീസ് സർക്കാർ സ്വത്ത് നശിപ്പിച്ചെന്ന കുറ്റം ചുമത്തി ഒളിമ്പിക് സൈക്ലിസ്റ്റ് ഡേവിഡ് ഹെർണിനെ അറസ്റ്റ് ചെയ്തതായി ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
52 മൈൽ സൈക്ലിംഗ് യാത്രയ്ക്ക് ശേഷം ലിങ്കൺ മെമ്മോറിയലിൽ എത്തിയ ഹെർൺ, പൂളിന്റെ അടിത്തട്ടിലെ ലൈനിംഗ് ഇളകിയതായി കണ്ടതിനെ തുടർന്ന് വെള്ളത്തിലേക്ക് കൈ നീട്ടി പരിശോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പ്രദേശം വിട്ടുപോകുന്നതിനിടെ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ജൂലൈ 9-ന് ഡി.സി. സുപീരിയർ കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
US President Donald Trump on Saturday said that several arrests were made into the alleged vandalism of Lincoln Memorial Reflecting Pool. He alleged that the vandals severely damaged the recently renovated Pool, claiming that a 250-foot-long gash was carved into its newly installed lining and corrosive chemicals were poured into the water.











