
ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിലെ നോർത്ത് ഹോളിവുഡിൽ തിരക്കേറിയ തെരുവിലേക്ക് എസ്യുവി വാഹനം ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ വാഹനമോടിച്ചിരുന്ന അറുപതുകാരനും ഉൾപ്പെടുന്നു.
ചൊവ്വാഴ്ച വൈകുന്നേരം 5:55-ഓടെ നോർത്ത് ഹോളിവുഡിലെ മെട്രോ സ്റ്റേഷൻ പ്രവേശന കവാടത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട വെളുത്ത എസ്യുവി, വഴിയോര കച്ചവടക്കാർക്കും കാൽനടയാത്രക്കാർക്കും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് അറിയിച്ചു. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അപകടസമയത്ത് ഡ്രൈവർ മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നതിനായി വൈദ്യപരിശോധനകൾ ആരംഭിച്ചതായി പൊലീസ് ക്യാപ്റ്റൻ വാർണർ കാസ്റ്റില്ലോ വ്യക്തമാക്കി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സമീപത്തെ ബസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസും പൊലീസ് ചീഫ് ജിം മക്ഡൊണലും അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസും ഫയർഫോഴ്സും ചേർന്ന് പ്രദേശത്തെ ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Three dead after vehicle plows into pedestrians in Los Angeles















