
ന്യൂയോർക്ക്: ബ്രൂക്ലിനിലെ ക്രൗൺ ഹൈറ്റ്‌സിൽ വെസ്റ്റ് ഇന്ത്യൻ അമേരിക്കൻ ഡേ പരേഡും ജൂവേയ് ഫെസ്റ്റിവലും ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു. തിങ്കളാഴ്ച പുലർച്ചെ 5:48-ഓടെ കാറോൾ സ്ട്രീറ്റിനും യൂട്ടിക്ക അവന്യൂവിനും സമീപമാണ് അക്രമ സംഭവം നടന്നത്.
32-കാരനും 23-കാരനും കഴുത്തിലും 36-കാരന് മുഖത്തുമാണ് കുത്തേറ്റത്. പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ കിംഗ്സ് കൗണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ 32-കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മറ്റു രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
രാവിലെ 6 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ജൂവേയ് ആഘോഷവേദിയിൽ നിന്ന് ഏതാനും ബ്ലോക്കുകൾ മാത്രം അകലെയാണ് അക്രമം നടന്നത്. ലേബർ ഡേ ആഘോഷങ്ങളുടെ ഭാഗമായി അയ്യായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനിടയിലാണ് ഈ സംഭവം. കഴിഞ്ഞ വർഷങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇത്തവണ പരേഡ് വൈകുന്നേരം 5:30-ഓടെ അവസാനിപ്പിക്കാൻ അധികൃതർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.














