
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിലുള്ള അമേരിക്കൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണ ശ്രമങ്ങൾ ഗണ്യമായി വർദ്ധിച്ചതായി നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജെയ് ക്ലേറ്റൻ മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിലും മറ്റ് ചില രാജ്യങ്ങളിലും അമേരിക്കക്കാരെ വധിക്കാനുള്ള പദ്ധതികൾ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് അയച്ചതും പിന്നീട് സിബിഎസ് ന്യൂസിന് ലഭിച്ചതുമായ ഔദ്യോഗിക കുറിപ്പിലാണ് ഈ നിർണായക മുന്നറിയിപ്പുള്ളത്. ഇറാനിൽ നിന്നും യെമനിലെ ഹൂതി പ്രസ്ഥാനത്തിൽ നിന്നും നേരിട്ടുള്ള ഭീഷണികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റിലെ നയതന്ത്ര കാര്യാലയങ്ങളിലെ ജീവനക്കാരുടെ എണ്ണം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെട്ടിക്കുറയ്ക്കുന്നതിനിടയിലാണ് ഈ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള മാരകമായ പദ്ധതികൾ മിഡിൽ ഈസ്റ്റിലും മറ്റ് ചില രാജ്യങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജെയ് ക്ലേറ്റൻ കുറിപ്പിൽ വ്യക്തമാക്കി.
ഇറാനുമെതിരെ വീണ്ടും സൈനികാക്രമണങ്ങൾ നടത്തുന്ന കാര്യം ട്രംപ് ഭരണകൂടം ആലോചിക്കുന്നതിനിടയിലാണ് ഈ രേഖ പുറത്തുവന്നിട്ടുള്ളത്. എങ്കിലും പദ്ധതികളുടെ ലക്ഷ്യസ്ഥാനങ്ങൾ ഏതാണെന്നോ ആക്രമണങ്ങൾ എപ്പോഴായിരിക്കുമെന്നോ ഉള്ള വിവരങ്ങൾ മെമ്മോയിൽ വ്യക്തമാക്കുന്നില്ല. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുമായി കൂടുതൽ വിവരങ്ങൾ പങ്കുവെക്കുന്നതിനായി ഇന്റലിജൻസ് വിഭാഗം ശ്രമങ്ങൾ നടത്തിവരികയാണ്. സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫും ഈ കുറിപ്പിന്റെ പകർപ്പ് ലഭിച്ചവരിൽ ഉൾപ്പെടുന്നു.
മേഖലയിലെ യു.എസ് നയതന്ത്ര കാര്യാലയങ്ങളിൽ ഇതിനോടകം തന്നെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ യു.എസ് എംബസിയിലെ അത്യാവശ്യക്കാരല്ലാത്ത ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടും രാജ്യത്തുനിന്ന് മടങ്ങാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടിരുന്നു. കൂടാതെ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ മേഖലയിലെ മറ്റ് ചില അമേരിക്കൻ എംബസികളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്.










