സ്ത്രീകൾക്കെതിരായ അതിക്രമ പരാതികൾ പാർട്ടി തലത്തിൽ കൈകാര്യം ചെയ്യുന്നതിൽ പുതിയ മാറ്റവുമായി സി.പി.എം. സ്ത്രീകൾക്കെതിരായ അതിക്രമ പരാതികൾ പരിഹരിക്കാൻ പാർട്ടിയിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ സജീവമാക്കുന്നു. ഇനി മുതൽ ഇത്തരം പരാതികൾ പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്യുകയില്ല. കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ തീരുമാനപ്രകാരം കേന്ദ്ര, സംസ്ഥാന തലങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നേരത്തെ രൂപീകരിച്ചിരുന്നു. ടി.എൻ. സീമ അധ്യക്ഷയായ സംസ്ഥാന സെല്ലിനെ എം. വിജയകുമാർ, എൻ. ചന്ദ്രൻ, പി.കെ. സൈനബ എന്നിവരെ ഉൾപ്പെടുത്തി ഇപ്പോൾ വിപുലീകരിച്ചിട്ടുമുണ്ട്.
ഏരിയാ തലം മുതൽ താഴേക്കുള്ള ഘടകങ്ങളിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഉയരുന്ന പരാതികൾ ജില്ലാ തലത്തിലുള്ള സെല്ലുകളായിരിക്കും പരിശോധിക്കുക. ജില്ലാ നേതാക്കൾക്കെതിരായ പരാതികൾ സംസ്ഥാന തലത്തിലുള്ള സെല്ലും, സംസ്ഥാന നേതാക്കൾക്കെതിരായ പരാതികൾ കേന്ദ്ര സെല്ലുമാണ് പരിശോധിക്കുന്നത്. സെല്ലുകൾ പരാതികൾ പരിശോധിച്ച് തീരുമാനമെടുത്ത ശേഷം അതാത് ഘടകങ്ങളെ അറിയിക്കുകയാണ് ചെയ്യുക. പാർട്ടിക്ക് ലഭിക്കുന്ന പരാതികൾ ഘടകങ്ങളിൽ ചർച്ച ചെയ്യുമ്പോൾ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം.
ആഭ്യന്തര പരാതി പരിഹാര സെൽ എടുക്കുന്ന തീരുമാനം പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുമെങ്കിലും അത് പൊതുജനങ്ങളെ അറിയിക്കില്ലെന്നും, അതിന്റെ ആവശ്യമില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്. പരാതികൾ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് പാർട്ടി ഇപ്പോൾ ജില്ലാ, സംസ്ഥാന തലങ്ങളിൽ ഇത്തരം സെല്ലുകൾ കർശനമാക്കിയിരിക്കുന്നത്. പരാതികൾ ചോരുന്നത് തടയൽ ലക്ഷ്യമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
CPIM Sets Up Internal Complaint Cells for Crimes Against Women; Complaints Will No Longer Be Discussed in Party Committees











