വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കത്തിൽ സഹായിക്കാനുള്ള അഭ്യർഥന ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് നിരസിച്ചതിനെ തുടർന്ന് ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനിക അഭ്യാസങ്ങൾ ഗണ്യമായി കുറയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിർദേശം നൽകി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇറാന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് സഹായം ആവശ്യമില്ലെങ്കിലും ദക്ഷിണ കൊറിയയോട് സഹായം നൽകാമോയെന്ന് താൻ ചോദിച്ചിരുന്നുവെന്നും ലീ അത് നിരസിച്ചെന്നും ട്രംപ് പറഞ്ഞു.
“ഞങ്ങൾക്ക് ഇറാന്റെ കാര്യത്തിൽ സഹായം ആവശ്യമില്ല. എന്നാൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ചെറിയൊരു സഹായം നൽകാമോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം ‘വേണ്ട, നന്ദി’ എന്ന് പറഞ്ഞു,” എന്ന് ട്രംപ് പറഞ്ഞു. തുടർന്ന് ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികരുടെ എണ്ണവും ട്രംപ് ചൂണ്ടിക്കാട്ടി.കിം ജോങ് ഉന്നിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ അവിടെ 39,000 സൈനികരുണ്ട്. എന്നാൽ ഇറാനിലെ വളരെ എളുപ്പമുള്ള സൈനിക നടപടിയിൽ ഞങ്ങളെ സഹായിക്കില്ലെന്നത് വിചിത്രമാണ് എന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ പ്രതിരോധച്ചെലവിനെ ചോദ്യം ചെയ്ത് ട്രംപ്ദക്ഷിണ കൊറിയയുടെ സുരക്ഷയ്ക്കായി അമേരിക്ക വഹിക്കുന്ന വൻ സാമ്പത്തിക ബാധ്യതയും ട്രംപ് ചോദ്യം ചെയ്തു. സഖ്യരാജ്യങ്ങളെ സംരക്ഷിക്കുന്നതിനായി അമേരിക്ക ബില്യൺ കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ നിങ്ങളെ സഹായിക്കുന്നത് എന്തിനാണ് എന്നും ട്രംപ് ചോദിച്ചു.അതേസമയം, ദക്ഷിണ കൊറിയയുമായുള്ള ‘ഉൾചി ഫ്രീഡം ഷീൽഡ്’ ഉൾപ്പെടെയുള്ള സംയുക്ത സൈനിക അഭ്യാസങ്ങൾ ചെലവേറിയതാണെന്നും ഉത്തര കൊറിയയ്ക്ക് “അനുചിതവും ശത്രുതാപരവുമായ” സന്ദേശമാണ് നൽകുന്നതെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ നിർദേശപ്രകാരം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സംയുക്ത സൈനിക അഭ്യാസങ്ങളുടെ വ്യാപ്തി ഗണ്യമായി കുറയ്ക്കുമെന്ന് വ്യക്തമാക്കി.
കിം ജോങ് ഉന്നുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ട്രംപ്
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള തന്റെ വളരെ നല്ല ബന്ധം ചൂണ്ടിക്കാട്ടിയാണ് സംയുക്ത സൈനിക അഭ്യാസങ്ങൾ കുറയ്ക്കാനുള്ള തീരുമാനം ട്രംപ് ന്യായീകരിച്ചത്. അതേസമയം, ട്രംപിന്റെ നീക്കത്തിന് പിന്നാലെ ഉത്തര കൊറിയയുമായുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷ ദക്ഷിണ കൊറിയ പ്രകടിപ്പിച്ചു. കൊറിയൻ ഉപദ്വീപിലെ സംഘർഷം കുറയ്ക്കുന്നതിനായി ചർച്ചകൾക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് നേരത്തെയും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ നയതന്ത്ര നീക്കത്തിന് പ്രതികരിച്ചതായി ട്രംപ് പിന്നീട് വ്യക്തമാക്കി. എന്നാൽ പ്രതികരണത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഇറാനിലെ വെടിനിർത്തൽ ചർച്ചകളിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിലും പ്രായോഗികവും സൈനികവുമായ സംഭാവനകൾ നൽകുന്നതിന് അമേരിക്കയുമായി അടുത്ത് ചർച്ച നടത്തുകയാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
‘39,000 soldiers guarding you from Kim’: Trump reduces military drills with South Korea over Iran











