
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ പുറത്താക്കാൻ കാരണം വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നെന്ന് റിപ്പോർട്ട്. വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. പാർട്ടി സമ്മേളനങ്ങളുടെ ഭാഗമായല്ലാതെ ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മിൽ അപൂർവ്വ സംഭവമാണ്. കഴിഞ്ഞ അഞ്ച് വർഷമായി സെക്രട്ടറി സ്ഥാനത്തു തുടർന്ന സുരേഷ് ബാബുവിനെതിരേ സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് ലഭിച്ച ഗുരുതരമായ പരാതിയിലാണ് പാർട്ടി അസാധാരണ തിരുത്തൽ നടപടി സ്വീകരിച്ചതെന്നാണ് സൂചന. ഇതിനുപുറമെ, എട്ട് പേരെ ഉൾപ്പെടുത്തി പാലക്കാട് ജില്ലാ കമ്മിറ്റി വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.
മുൻപ് നേതാക്കളായ പി.കെ. ശശിയും കൊഴിഞ്ഞാമ്പാറയിലെ പ്രാദേശിക പ്രവർത്തകരും സുരേഷ് ബാബുവിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. പാലക്കാട്ടെ സിപിഎമ്മിൽ വിഭാഗീയതയും വിമത നീക്കങ്ങളും രൂക്ഷമാകാൻ സുരേഷ് ബാബുവിന്റെ തന്നിഷ്ടവും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും കാരണമായെന്നും, വ്യക്തിവിരോധം തീർക്കാൻ സംഘടനാ ശക്തി ദുരുപയോഗം ചെയ്തുവെന്നും വിമർശനമുയർന്നിരുന്നു. അതേസമയം, ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച സുരേഷ് ബാബു, വ്യക്തിപരമായ കാരണങ്ങളാലാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് അവകാശപ്പെട്ടു. എന്നാൽ ഇയാൾക്കെതിരായ പരാതികൾ ഗൗരവത്തോടെ അന്വേഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷന്റെ പ്രതികരണം. മൂന്ന് തവണ എം.എൽ.എയായിരുന്ന ചെന്താമരാക്ഷന് വൈകിയെത്തിയ ചുമതലയാണിത്. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതനായ ചെന്താമരാക്ഷന്റെ പേര് അഞ്ച് വർഷങ്ങൾക്ക് മുൻപും സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നെങ്കിലും അവസാന നിമിഷം തള്ളപ്പെടുകയായിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിച്ച് പാർട്ടിയെ സജീവമാക്കുക എന്ന വലിയ ദൗത്യമാണ് പുതിയ സെക്രട്ടറിക്ക് മുന്നിലുള്ളത്.
Action Over Female Worker’s Complaint? EN Suresh Babu Out as CPM Palakkad District Secretary, V Chenthamarakshan Steps In













