‘അമ്മയെപ്പോലെയുണ്ട്, വീട്ടിൽ ജോലിയുണ്ട്’; 77-കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി, പ്രതി പിടിയിൽ

അടൂർ: ഹോംനഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് 77 വയസ്സുകാരിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് പണവും വാഹനവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ 61-കാരൻ അറസ്റ്റിൽ. ആലപ്പുഴ ചുനക്കര കോമല്ലൂർ പുളിമൂട്ടിൽ ഷോജിൻ വില്ലയിൽ ജി. ഷാജിയെയാണ് അടൂർ പോലീസ് പിടികൂടിയത്.

ജൂലായ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അടൂരിലെ സർവീസ് സഹകരണ ബാങ്കിലേക്ക് പോകുകയായിരുന്ന വയോധികയെ ഓട്ടോറിക്ഷയിലെത്തിയ പ്രതി തടഞ്ഞുനിർത്തി സംസാരിക്കുകയായിരുന്നു. ഹോംനഴ്‌സായി ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതോടെ സ്വന്തം അമ്മയെപ്പോലെയാണ് തോന്നുന്നതെന്നും വീട്ടിൽ ഹോംനഴ്‌സിന്റെ ആവശ്യമുണ്ടെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി ചുനക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് വയോധികയുടെ മൊഴി. പിന്നീട് ഇവരെ നൂറനാട് ഭാഗത്ത് ഇറക്കിവിട്ടതായും പരാതിയിൽ പറയുന്നു.

അടുത്ത ദിവസം വീണ്ടും ഫോണിൽ ബന്ധപ്പെട്ട പ്രതി വയോധികയോട് നൂറനാട് എത്താൻ ആവശ്യപ്പെട്ടു. അവിടെവെച്ച് പണയംവയ്ക്കാൻ സ്വർണം ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് വയോധികയുടെ സ്കൂട്ടർ പഴയ ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന കടയിൽ പണയംവയ്ക്കുകയാണെന്ന് വിശ്വസിപ്പിച്ച് 30,000 രൂപ കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

More Stories from this section

family-dental
witywide