വിവാഹവാഗ്ദാനം നൽകി 14 യുവതികളെ കബളിപ്പിച്ചു; യുഎഇയിൽ പിടിയിലായ പ്രതിയെ കൊച്ചിയിലെത്തിച്ചു

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയും രഹസ്യമായി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്ത കേസിലെ പ്രതിയെ യുഎഇയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. മഹാരാഷ്ട്ര സ്വദേശിയായ മുഹമ്മദ് മാസിനെയാണ് ഇന്റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ യുഎഇ അധികൃതർ പിടികൂടി നാടുകടത്തിയത്. മഹാരാഷ്ട്ര പൊലീസിന് കൈമാറിയ പ്രതിയുമായി അന്വേഷണസംഘം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി.

വിവാഹവാഗ്ദാനം നൽകി ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്. പരാതിക്കാരിയുമായി അടുപ്പം സ്ഥാപിച്ച ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. അന്വേഷണത്തിനൊടുവിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

തുടർ അന്വേഷണത്തിലാണ് സമാനരീതിയിൽ മറ്റ് 13 യുവതികളെക്കൂടി ഇയാൾ വഞ്ചിച്ചതായി കണ്ടെത്തിയത്. അടുപ്പം സ്ഥാപിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു പ്രതിയുടെ രീതിയെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തട്ടിപ്പ് പുറത്തായതോടെ വിദേശത്തേക്ക് കടന്ന മുഹമ്മദ് മാസിനെ കണ്ടെത്താൻ മഹാരാഷ്ട്ര പൊലീസിന്റെ അഭ്യർത്ഥനപ്രകാരം സിബിഐയുടെ സഹായത്തോടെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് യുഎഇയിൽ അറസ്റ്റിലായ പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്.

More Stories from this section

family-dental
witywide