
അനിൽ മറ്റത്തിക്കുന്നേൽ
ഷിക്കാഗോ: 2027-ലെ നഗര ബജറ്റിൽ 7.5 കോടി ഡോളറിന്റെ വിടവ് നികത്താൻ
ഒഴിഞ്ഞ ഭൂമിക്ക് നികുതി ഏർപ്പെടുത്താൻ മേയർ ബ്രാൻഡൻ ജോൺസൺ നിർദേശിച്ചു. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കുക, നഗരത്തിന് ലഭിക്കാനുള്ള കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടി ശക്തമാക്കുക തുടങ്ങിയവയും പുതുക്കിയ ബജറ്റ് നിർദേശത്തിലുണ്ട്. ഒഴിഞ്ഞ ഭൂമിക്കുള്ള നികുതി ഉൾപ്പെടെയുള്ള നിർദേശങ്ങൾക്ക് സിറ്റി
കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഡിസംബർ 31-നകം നഗരത്തിന് ബജറ്റ്
പാസാക്കണം.
പാർക്കിങ് മീറ്റർ കരാറിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് നഗരത്തിന് ലഭിച്ച
7.5 കോടി ഡോളർ പെൻഷൻ ഫണ്ടിലേക്ക് അധികമായി നൽകാൻ സിറ്റി കൗൺസിൽ
തീരുമാനിച്ചിരുന്നു. ആ തുക അടുത്ത വർഷത്തെ ബജറ്റിൽ വരുമാനമായി
കണക്കാക്കിയിരുന്നതിനാലാണ് പകരം വരുമാനം കണ്ടെത്താൻ പുതിയ
നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
വലിയ കമ്പനികളിൽനിന്ന് ജീവനക്കാരുടെ എണ്ണമനുസരിച്ച് പ്രതിമാസ നികുതി
ഈടാക്കാനുള്ള നിർദേശം മേയർ നിലനിർത്തി. ഓരോ ജീവനക്കാരനും പ്രതിമാസം 25
ഡോളർ നിരക്കിലാണ് നികുതി നിർദേശിച്ചിരിക്കുന്നത്. ഈ നിർദേശത്തോട് 28
കൗൺസിൽ അംഗങ്ങൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.















