ഇനി ഡാറ്റാ സെന്ററുകൾ ബഹിരാകാശത്ത്; മസ്‌കിന്റെ ‘സ്റ്റാർമൈൻഡിന്’ യുഎസിൻ്റെ പച്ചക്കൊടി, ബഹിരാകാശത്തേക്ക് 10 ലക്ഷം ഉപഗ്രഹങ്ങൾ

വാഷിംഗ്ടൺ: ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് 10 ലക്ഷം സാറ്റലൈറ്റുകൾ വിക്ഷേപിക്കാൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന് യുഎസ് റെഗുലേറ്റർമാരുടെ അനുമതി. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ അനുമതിയാണിത്. നിർമ്മിത ബുദ്ധിക്കാവശ്യമായ ഡാറ്റ സൗരോർജ്ജത്തിന്റെ സഹായത്തോടെ ബഹിരാകാശത്തുവെച്ച് പ്രോസസ്സ് ചെയ്ത് ഭൂമിയിലേക്ക് അയക്കുന്ന ‘സ്റ്റാർമൈൻഡ്’ പദ്ധതിക്കാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പച്ചക്കൊടി കാട്ടിയത്.

ഭൂമിയിൽ ഡാറ്റാ സെന്ററുകൾ വ്യാപിപ്പിക്കുന്നതിനെതിരെ അമേരിക്കയിലുടനീളം ജനകീയ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന നീക്കം. വൻതോതിൽ വൈദ്യുതിയും വെള്ളവും ആവശ്യമുള്ള ഭൂമിയിലെ ഡാറ്റാ സെന്ററുകൾക്ക് പകരമുള്ള പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ബദലായാണ് ബഹിരാകാശ ഡാറ്റാ സെന്ററുകളെ സ്‌പേസ് എക്‌സ് അവതരിപ്പിക്കുന്നത്. അമേരിക്കയുടെ വളർച്ചയ്ക്കും സാങ്കേതിക നേതൃത്വത്തിനും ഈ പദ്ധതി കരുത്തേകുമെന്ന് എഫ്.സി.സി ചെയർമാൻ ബ്രെൻഡൻ കാർ വ്യക്തമാക്കി. അമേരിക്കയ്ക്കും ലോകത്തിനും ഇതൊരു വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് ഇലോൺ മസ്‌കും പ്രതികരിച്ചു.

2033 നവംബറിനുള്ളിൽ വിക്ഷേപണം ആരംഭിക്കണം. 2035 നവംബറോടെ 10 ശതമാനവും 2038-ഓടെ 50 ശതമാനവും സാറ്റലൈറ്റുകൾ വിന്യസിക്കണമെന്നാണ് വ്യവസ്ഥ. ആദ്യ സാറ്റലൈറ്റ് അടുത്ത വർഷം വിക്ഷേപിക്കും. ഭൂമിയിൽ നിന്ന് 500 മുതൽ 2,000 കിലോമീറ്റർ വരെ ഉയരത്തിലുള്ള താഴ്ന്ന ഭ്രമണപഥത്തിലാകും ഇവ പ്രവർത്തിക്കുക. സ്‌പേസ് എക്‌സിന്റെ നിലവിലെ സ്റ്റാർലിങ്ക് ശൃംഖല വഴിയാകും ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറുക. സൂര്യന്റെ പൂർണ്ണ ശക്തി പ്രയോജനപ്പെടുത്താൻ ശേഷിയുള്ള ‘കർദാഷേവ് II നാഗരികത’ എന്ന ആശയത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് എഫ്.സി.സി ഇതിനെ വിശേഷിപ്പിക്കുന്നത്.

ഗൂഗിൾ, ബ്ലൂ ഒറിജിൻ തുടങ്ങിയ പ്രമുഖ കമ്പനികളും സമാനമായ ബഹിരാകാശ ഡാറ്റാ സെന്ററുകളെക്കുറിച്ച് പഠനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ബഹിരാകാശത്ത് വർദ്ധിച്ചുവരുന്ന മാലിന്യങ്ങളും പേടകങ്ങൾ തമ്മിലുള്ള കൂട്ടിയിടി സാധ്യതയും ഈ പദ്ധതിക്ക് വലിയ വെല്ലുവിളിയാകുമെന്ന് ശാസ്ത്രലോകം ആശങ്ക പ്രകടിപ്പിക്കുന്നു. 10 ലക്ഷം സാറ്റലൈറ്റുകളും വിക്ഷേപിക്കുമോ അതോ മുൻകരുതലെന്ന നിലയിൽ കൂടുതൽ എണ്ണത്തിന് അനുമതി തേടിയതാണോ എന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.

Data centers to move to space; US gives the green light to Musk’s ‘StarMind,’ with 1 million satellites headed for orbit.