യുഎസിനെതിരെ എതിർപ്പുകൾ ശക്തമാകുന്നു; ഉപരോധം ഒന്നിനും പരിഹാരമല്ല, അമേരിക്കൻ നീക്കത്തിനെതിരെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ

പാരീസ്: ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കയുടെ നാവിക ഉപരോധത്തെ ശക്തമായി എതിർക്കുന്നതായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ. ഉപരോധങ്ങൾ ഒരിക്കലും പ്രശ്നപരിഹാരമല്ലെന്നും, ഒരു ഉപരോധത്തെ മറ്റൊരു ഉപരോധം കൊണ്ട് നേരിടുന്നത് ഉചിതമല്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. അന്താരാഷ്ട്ര നിയമങ്ങളെ പൂർണ്ണമായി മാനിച്ചുകൊണ്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതാണ് ശരിയായ രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോർമുസ് കടലിടുക്കിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി ഫ്രാൻസിന്റെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ രൂപീകരിച്ച സഖ്യത്തിന്റെ പ്രവർത്തനങ്ങളാണ് കൂടുതൽ പ്രായോഗികമായ പാതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരമൊരു സഖ്യത്തിന് അനുമതി നൽകുന്ന യുഎൻ രക്ഷാസമിതി പ്രമേയം കഴിഞ്ഞ ആഴ്ച ചൈനയും റഷ്യയും തടഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പുരോഗതി കൈവരിക്കുക എന്നത് അസാധ്യമായ കാര്യമല്ലെന്ന് അദ്ദേഹം മറുപടി നൽകി. ഒരു യുദ്ധത്തിന്റെ ഭാഗമായല്ല, മറിച്ച് സമാധാനത്തിനായുള്ള ഒരു പരിഹാരമാർഗ്ഗം എന്ന നിലയിൽ മറ്റൊരു ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വാഷിംഗ്ടണിൽ ഇന്ന് നടക്കുന്ന ലബനൻ-ഇസ്രായേൽ നേരിട്ടുള്ള ചർച്ചകളിൽ ശുഭകരമായ ഫലമുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും കോസ്റ്റ പറഞ്ഞു. അതേസമയം, അയൽരാജ്യത്തിന് നേരെയുള്ള ആക്രമണങ്ങളിൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഇസ്രായേലിന്റെ നടപടികളെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ നയതന്ത്ര നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

More Stories from this section

family-dental
witywide