നീണ്ട 75 വർഷത്തെ കാത്തിരിപ്പ്… മകനെക്കുറിച്ചുള്ള വിവരമറിയാൻ ജീവിതകാലം മുഴുവൻ പ്രാർഥിച്ച പിതാവ്… ഒടുവിൽ മകൻ്റെ വിവരം അറിയാതെ പിതാവ് മരണത്തിന് കീഴടങ്ങി. ഒടുവിൽ, പ്രിയപ്പെട്ടവൻ മടങ്ങിവരില്ലെന്ന് മനസ്സില്ലാമനസ്സോടെ അംഗീകരിച്ച കുടുംബം. പതിറ്റാണ്ടുകൾക്കിപ്പുറം, ആ കഥയിൽ വൻ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. കൊറിയൻ യുദ്ധത്തിൽ കാണാതായ സോണി ടിഷ്ലറുടെ ഭൗതികാവശിഷ്ടങ്ങൾ ഒടുവിൽ സ്വന്തം വീട്ടുകാർക്ക് ലഭിച്ച് അവരുടെ ആശങ്കകൾക്ക് വിരാമമായിരിക്കുകയാണ്. അവസാനം, ടെക്സസിലെ ഡെന്റൺ കൗണ്ടിയിലെ സോണി ടിഷ്ലറുടെ കുടുംബം വ്യാഴാഴ്ച അദ്ദേഹത്തിന് അന്ത്യയാത്ര ഒരുക്കുകയാണ്.
1930കളിലും 1940കളിലും ടെക്സസിലെ സെലിനയ്ക്കു സമീപം വളർന്ന സോണി ടിഷ്ലർ കുടുംബത്തിന്റെ കൃഷിയിടത്തിൽ പിതാവിനെ സഹായിച്ചായിരുന്നു ബാല്യവും കൗമാരവും കടന്നുപോയത്. കൊറിയൻ യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം സൈന്യത്തിൽ ചേർന്നു. സൈനികസേവനം പൂർത്തിയാക്കി സ്വന്തം കൃഷിയിടം തുടങ്ങുകയായിരുന്നു അദ്ദേഹത്തിൻ്റെ സ്വപ്നം.“ഞാൻ സ്വമേധയാ സൈന്യത്തിൽ ചേരാം. അങ്ങനെ സേവനം പൂർത്തിയാക്കി എനിക്ക് സ്വന്തമായി ഒരു കൃഷിയിടം തുടങ്ങാമല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്,” എന്ന് ടിഷ്ലറുടെ സഹോദരി മെൽവ ഡോറിസ് ഫോക് ഇപ്പോൾ ഓർത്തെടുക്കുകയാണ്.
അതേസമയം, ബസൂക്കയും മെഷീൻ ഗണ്ണും കൈകാര്യം ചെയ്യുന്ന സൈനികനായി സേവനം തുടങ്ങി അധികം വൈകുംമുമ്പേ 21-കാരനായ ടിഷ്ലറെ കാണാതായി. ഹൃദയം തകർന്ന കുടുംബത്തെ തേടി വൈകാതെ സൈനിക അധികൃതരുടെ അറിയിപ്പുമെത്തി. ഞങ്ങളുടെ വീട്ടിലെത്തിയ രണ്ട് സൈനിക ഉദ്യോഗസ്ഥരെ കണ്ട നിമിഷം ഇന്നും മറക്കാനാവില്ല. ഞങ്ങളുടെ ഒരേയൊരു സഹോദരനായിരുന്നു സോണി. അദ്ദേഹത്തെ നഷ്ടപ്പെട്ടത് വലിയ വേദനയായിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ജീവിക്കേണ്ടിവന്നത് ആ വേദനയെക്കാൾ കഠിനമായിരുന്നു,” എന്നും ഫോക് പറഞ്ഞു.
എന്നാൽ, വർഷങ്ങളോളം ആ കുടുംബത്തെ അലട്ടിയത് ഒരേയൊരു ചോദ്യമായിരുന്നു. സോണിക്ക് എന്തു സംഭവിച്ചു? ശത്രുസൈന്യം പിടികൂടിയോ? പീഡിപ്പിച്ചോ? തുടങ്ങി നൂറായിരം ചോദ്യങ്ങളായിരുന്നു ആ കുടുംബത്തെ അലട്ടിയിരുന്നത്. മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിൽ പിതാവ് ദിവസവും പ്രാർഥിക്കുമായിരുന്നു. മക്കളോടും പ്രാർഥിക്കാൻ ആവശ്യപ്പെടും. എന്നാൽ, 1965ൽ മരിക്കുമ്പോഴും മകന്റെ വിധി എന്തായിരുന്നെന്ന് അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞില്ല.“എന്റെ പിതാവിന് മകനെക്കുറിച്ചുള്ള സത്യം അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ… അദ്ദേഹം ദിവസവും പ്രാർഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കാനായി ഞങ്ങളോടും പ്രാർഥിക്കാൻ പറയുമായിരുന്നു,” ഫോക് കണ്ണീരോടെ ഓർക്കുന്നു.
വർഷങ്ങൾ കടന്നുപോയി. സോണി മടങ്ങിവരുമെന്ന പ്രതീക്ഷ മങ്ങിമങ്ങി ഇല്ലാതായി. ഒടുവിൽ കുടുംബം അദ്ദേഹത്തെ ജീവനോടെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചു. എന്നാൽ പതിറ്റാണ്ടുകൾക്കുമുമ്പ് ഒരു കൊറിയൻ കർഷകൻ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ നിർണായകമായി. വർഷങ്ങളെടുത്ത ഡിഎൻഎ പരിശോധനയിലൂടെ അവ സോണി ടിഷ്ലറുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ കഴിഞ്ഞ 75 വർഷമായി ഉത്തരം കിട്ടാതിരുന്ന ചോദ്യങ്ങൾക്ക് ഒടുവിൽ മറുപടി ലഭിച്ചു. ഈ മാസം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ടെക്സസിലെ കുടുംബാംഗങ്ങൾക്ക് കൈമാറി.
“ഫോൺ മുഴങ്ങിയപ്പോൾ സ്ക്രീനിൽ യുഎസ് ആർമി എന്നായിരുന്നു കണ്ടത്. എനിക്ക് അതിയായ സന്തോഷം തോന്നി. കുടുംബത്തിലെ മറ്റുള്ളവർക്കും സന്തോഷമാകുമെന്ന് എനിക്കറിയാമായിരുന്നു,” സോണിയുടെ സഹോദരപുത്രി മേരി ആൻ ടർണർ പറഞ്ഞു. കാണാതായ അതേ ദിവസമാണ് സോണി മരിച്ചതെന്നാണ് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്നൈപ്പറുടെ വെടിയേറ്റാണ് അദ്ദേഹം മരിച്ചതെന്നാണ് കരുതുന്നത്. സ്നൈപ്പറുടെ വെടിയേറ്റാണ് അദ്ദേഹം മരിച്ചതെന്ന് മനസ്സിലാക്കാനായത് ഒരാശ്വാസമാണ്. കൂടുതൽ വേദന അനുഭവിക്കേണ്ടിവന്നിട്ടില്ലെന്നാണ് ഞങ്ങൾ കരുതുന്നതെന്നും ടർണർ പറഞ്ഞു.
സോണിയുടെ ഭൗതികാവശിഷ്ടങ്ങൾക്കൊപ്പം അദ്ദേഹം ഉപയോഗിച്ചിരുന്ന ഹെൽമറ്റ്, ബെൽറ്റ് ബക്കിൾ, സൈനിക ബൂട്ടുകൾ എന്നിവയും സൈന്യം കുടുംബത്തിന് കൈമാറി. പതിറ്റാണ്ടുകൾക്കുമുമ്പ് യുദ്ധഭൂമിയിൽനിന്ന് അപ്രത്യക്ഷനായ പ്രിയപ്പെട്ടവന്റെ ഓർമകളിലേക്ക് മടങ്ങാനുള്ള അവസാന കണ്ണികളായി അവ മാറിയിരിക്കുകയാണ്. 89 വയസ്സുള്ള മെൽവ ഡോറിസ് ഫോക് ഉൾപ്പെടെ സോണിയുടെ ജീവിച്ചിരിക്കുന്ന മൂന്ന് സഹോദരങ്ങൾക്കാണ് വ്യാഴാഴ്ച അദ്ദേഹത്തോട് അന്ത്യമായി വിടപറയാൻ അവസരം ലഭിക്കുന്നത്.
75 വർഷത്തിനുശേഷവും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞെന്നത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ആ വാർത്ത ഞങ്ങളെ വികാരഭരിതരാക്കി. അതേസമയം, വലിയ സന്തോഷവും തോന്നി. എന്തുകൊണ്ടാണ് സന്തോഷമെന്ന് ചോദിച്ചാൽ, ഞങ്ങൾ ഒടുവിൽ പ്രതീക്ഷ കൈവിട്ടിരുന്നു എന്നതാണ് സത്യം. അദ്ദേഹം ജീവനോടെ വീട്ടിലേക്ക് മടങ്ങിവരില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ഇതൊരു മടക്കയാത്രയാണ്. ഒടുവിൽ അദ്ദേഹം വീട്ടിലെത്തുകയാണ് എന്നും സഹോദരി ഫോക് കൂട്ടിച്ചേർത്തു.
A Denton County family is preparing to do something Thursday that they have waited 75 years to do: bury the remains of a loved one who went missing during the Korean War.












