രാമസ്വാമിയുടെ പ്രചാരണത്തിനിടെ വാൻസിനെതിരെ പ്രതിഷേധം; പ്രതിഷേധക്കാരന്റെ മുടിയെ പരിഹസിച്ച് വൈസ് പ്രസിഡന്റ്

ഒഹായോ: ഇടക്കാല തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമിക്കായി പ്രചാരണം നടത്തുന്നതിനിടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെതിരെ പ്രതിഷേധം. മാഗ (MAGA) അനുകൂലിയെന്ന വ്യാജേന റാലിയിലെത്തിയ ഒരാൾ വാൻസിന്റെ പ്രസംഗത്തിനിടെ കൂവിവിളിക്കുകയായിരുന്നു. ബുധനാഴ്ച ഒഹായോയിലെ സിൻസിനാറ്റിയിൽ നടന്ന റാലിക്കിടെ വാൻസിന്റെ അടുത്തെത്തിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റി.

സ്യൂട്ടും ചുവന്ന മാഗ തൊപ്പിയും ധരിച്ചെത്തിയ പ്രതിഷേധക്കാരൻ വാൻസ് വേദിയിലെത്തി അധികം വൈകാതെ തൊപ്പി ഊരിയെറിഞ്ഞ് രോഷത്തോടെ വിളിച്ചുപറയുകയായിരുന്നു. “നിങ്ങൾ മോശമാണ്” എന്ന് ഇയാൾ വിളിച്ചുപറയുന്നത് കേൾക്കാമായിരുന്നു. വാൻസ് പ്രതികരിക്കാതെ നിന്നപ്പോൾ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഇയാളെ പുറത്തേക്ക് കൊണ്ടുപോയി. ഇതിനിടെ സദസ്സിൽനിന്ന് “യുഎസ്എ! യുഎസ്എ!” എന്ന മുദ്രാവാക്യവും ഉയർന്നു.

പ്രതിഷേധക്കാരനെ പരിഹസിച്ച വാൻസ്, മൂന്ന് മാസമായി മുടി കഴുകാത്തയാളാണെന്ന് തോന്നുന്നുവെന്നും ഇത്തരക്കാർ ഡെമോക്രാറ്റുകൾക്കാണ് വോട്ട് ചെയ്യുന്നതെന്നും പറഞ്ഞു. മാഗ അനുകൂലിയായി നടിച്ചെങ്കിലും തൊപ്പി ഊരിയതോടെ ഇയാൾ സ്വയം തിരിച്ചറിയിക്കുകയായിരുന്നുവെന്നും വാൻസ് പരിഹസിച്ചു. ഒഹായോയിലെ ഗവർണർ സ്ഥാനാർഥി വിവേക് രാമസ്വാമിക്കും റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥി ജോൺ ഹസ്റ്റഡിനും പിന്തുണ തേടിയാണ് വാൻസ് റാലിയിൽ പങ്കെടുത്തത്. എതിരാളിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളടങ്ങിയ പരസ്യം നൽകിയതിന്റെ പേരിൽ രാമസ്വാമി വിമർശനം നേരിടുന്നതിനിടെയാണ് സംഭവം.

നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപും വാൻസും പങ്കെടുക്കുന്ന റാലികളിൽ പ്രതിഷേധങ്ങൾ വർധിക്കുകയാണ്. ഈ ആഴ്ച കൻസസിൽ സെനറ്റർ റോജർ മാർഷലിനായി പ്രചാരണം നടത്തുന്നതിനിടെ ട്രംപിന്റെ പ്രസംഗവും പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ ട്രംപ് ‘പണം വാങ്ങിയെത്തിയവർ’ എന്നും ‘പരാജിതർ’ എന്നും വിശേഷിപ്പിച്ചിരുന്നു. നോർത്ത് കരോലൈനയിൽ നടന്ന റാലിക്കിടെ വാൻസിന്റെ പിന്നിൽനിന്ന് ഒരു പ്രതിഷേധക്കാരൻ ‘എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടൂ’ എന്നും വിളിച്ചുപറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഒഹായോയിലെ യങ്‌സ്റ്റൗണിൽ ട്രംപിന്റെ റാലിക്കിടെ വനിതാ പ്രതിഷേധകയ്ക്ക് നേരെ രണ്ടുപേർ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ സംഭവങ്ങൾ യുഎസ് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.

Vance heckled at Ohio rally while campaigning for Ramaswamy, VP mocks protester’s ‘unkempt hair’

More Stories from this section

family-dental
witywide