
ന്യൂഡൽഹി: പാകിസ്താനിൽ നിർമ്മിച്ച സിനിമകളും വെബ് സീരീസുകളും ഇന്ത്യയിലെ വരിക്കാർക്ക് ലഭ്യമാക്കില്ലെന്ന ഉറപ്പ് പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്സിനോട് നിർദ്ദേശിച്ചു. ഫവാദ് ഖാൻ, മഹിറ ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ജോ ബച്ചേ ഹേ സംഗ് സമേത് ലോ’ എന്ന പാകിസ്താൻ സീരീസ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
2025 മെയ് 8-ന് മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് നെറ്റ്ഫ്ലിക്സിനെ ഓർമ്മിപ്പിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു ദേശീയ സുരക്ഷ മുൻനിർത്തി പാകിസ്താൻ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയത്. പാകിസ്താനിൽ നിന്നുള്ള ഉള്ളടക്കങ്ങളൊന്നും ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നില്ലെന്ന് 2025 ജൂണിൽ നെറ്റ്ഫ്ലിക്സ് സർക്കാരിനെ അറിയിച്ചിരുന്നു. ഈ നിലപാടിൽ ഉറച്ചുനിൽക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം.
ഡിസംബർ 4-ന് ആഗോളതലത്തിൽ പ്രീമിയർ ചെയ്യാനിരിക്കുന്ന സീരീസ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രമുഖ ചലച്ചിത്ര സംഘടനകളായ ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
പാകിസ്താൻ കലാകാരന്മാരെയും ഉള്ളടക്കങ്ങളെയും ഇന്ത്യൻ സിനിമ, ടെലിവിഷൻ, ഒടിടി മേഖലകളിൽ നിന്ന് സ്ഥിരമായി വിലക്കാൻ നിയമനിർമ്മാണം നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
അതേസമയം, പാകിസ്താൻ പരിപാടികൾക്കെതിരായ പ്രതിഷേധം മറ്റ് വേദികളിലേക്കും വ്യാപിച്ചിട്ടുണ്ട്. നവംബർ 28, ഡിസംബർ 5 തീയതികളിൽ ബെംഗളൂരുവിൽ നടത്താനിരുന്ന ‘ദർ-ഇ-നിജാത്ത്’ എന്ന പാകിസ്താൻ നാടകത്തിന്റെ രണ്ട് സ്വകാര്യ പ്രദർശനങ്ങൾ സോഷ്യൽ മീഡിയയിലെ കടുത്ത എതിർപ്പിനെ തുടർന്ന് സംഘാടകർ റദ്ദാക്കി. നെറ്റ്ഫ്ലിക്സിന്റെ ആദ്യ ഉറുദു ഒറിജിനൽ സീരീസായ ‘ജോ ബച്ചേ ഹേ സംഗ് സമേത് ലോ’യുടെ ആഗോള റിലീസ് അടുത്തിരിക്കെ, കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശത്തോടെ സീരീസിന്റെ ഇന്ത്യയിലെ പ്രദർശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
No Pakistani films or web series in India: Centre issues strict directive to Netflix















