മാഗയും ഇന്ത്യൻ സമൂഹവും കൈവിട്ടു; ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടി മുൻ തലവൻ മലയാളിയായ എബ്രഹാം ജോർജ്ജിന് കനത്ത പരാജയം

ഹൂസ്റ്റൺ: ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ ചെയർമാനായ എബ്രഹാം ജോർജ്ജിന് വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള മത്സരത്തിൽ കനത്ത പരാജയം. ഡിറിൻഡ റാൻഡലിനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. എന്നാൽ, അദ്ദേഹത്തിൻ്റെ തോൽവിയേക്കാൾ യുഎസ് രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് ഈ പരാജയത്തോടുള്ള വിവിധ വിഭാഗങ്ങളുടെ ഞെട്ടിക്കുന്ന പ്രതികരണങ്ങളാണ്. അമേരിക്കയിലെ തീവ്ര യാഥാസ്ഥിതിക വിഭാഗമായ ‘മാഗ’ (MAGA) പ്രവർത്തകരും അവിടുത്തെ ഇന്ത്യൻ-അമേരിക്കൻ സമൂഹവും ഒരുപോലെ എബ്രഹാം ജോർജ്ജിൻ്റെ പുറത്തുപോകൽ ആഘോഷിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഒരു ഇന്ത്യൻ വംശജൻ പാർട്ടി നേതൃത്വത്തിൽ നിന്ന് പുറത്തായതിൽ മാഗ അണികൾ സന്തോഷം പ്രകടിപ്പിച്ചപ്പോൾ, സ്വന്തം സമുദായത്തെ തിരിഞ്ഞുനോക്കാത്തതിനുള്ള തിരിച്ചടിയാണ് ഇതെന്നാണ് ഇന്ത്യൻ-അമേരിക്കൻ സമൂഹം വിലയിരുത്തുന്നത്. ടെക്സാസിലെ ഇന്ത്യക്കാർ കടുത്ത വംശീയ അധിക്ഷേപങ്ങൾ നേരിട്ടപ്പോഴൊക്കെ എബ്രഹാം ജോർജ്ജ് മനഃപൂർവ്വം കണ്ണടച്ചു കളഞ്ഞു എന്ന് ഇന്ത്യൻ സമൂഹം ആരോപിക്കുന്നു.

തോൽവിക്ക് പിന്നാലെ എബ്രഹാം ജോർജ്ജ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പാർട്ടിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു: “ഈ മത്സരം അവസാനിച്ചെങ്കിലും നമ്മുടെ ദൗത്യം തുടരുകയാണ്. ഇനി നമ്മൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. നവംബറിലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ പൂർണ്ണമായി പിന്തുണയ്ക്കുകയും നമ്മുടെ യാഥാസ്ഥിതിക തത്വങ്ങൾക്കായി ഉറച്ചുനിൽക്കുകയും ചെയ്യും. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു.

കേരളത്തിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ക്രിസ്ത്യൻ മതവിശ്വാസിയായ എബ്രഹാം ജോർജ്ജ്, കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. യുഎസിലെ ഇന്ത്യൻ ജീവനക്കാരുടെ പ്രധാന ആശ്രയമായ എച്ച്-1ബി വിസ പ്രോഗ്രാമിനെതിരെയും ടെക്സാസിലെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെയും അദ്ദേഹം പരസ്യമായി സംസാരിച്ചിരുന്നു. എന്നിട്ടും റിപ്പബ്ലിക്കൻ പാർട്ടിയുടെ തീവ്ര വലതുപക്ഷ വിഭാഗം അദ്ദേഹത്തെ തങ്ങളിലൊരാളായി അംഗീകരിക്കാൻ തയ്യാറായില്ല. ഇന്ത്യൻ-അമേരിക്കൻ അഡ്വക്കസി കൗൺസിൽ സഹസ്ഥാപകൻ സിദ്ധാർത്ഥ് ഇതിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്: “ടെക്സാസ് രാഷ്ട്രീയത്തിൽ ഇന്ത്യ വിരുദ്ധ വംശീയത മുഖ്യധാരയായി മാറിയപ്പോൾ കണ്ണടച്ചുനിന്ന രാഷ്ട്രീയ സംവിധാനത്തോടാണ് അദ്ദേഹം കൈകോർത്തത്. അതുകൊണ്ട് തന്നെ അദ്ദേഹം തോറ്റതിൽ സന്തോഷമുണ്ട്. പൊതുജീവിതത്തിന് പ്രത്യാഘാതങ്ങളുണ്ടാകും.”- അദ്ദേഹം പ്രതികരിച്ചു.

“അതേസമയം, കടുത്ത വംശീയ അധിക്ഷേപങ്ങളാണ് തീവ്ര വലതുപക്ഷ കമൻ്റേറ്റർമാരിൽ നിന്ന് എബ്രഹാമിന് നേരിടേണ്ടി വരുന്നത്. “ടെക്സാസ് ജിഒപി നടത്തിയിരുന്ന ഇന്ത്യൻ വംശജൻ എബ്രഹാം ജോർജ്ജ് പുറത്താക്കപ്പെട്ടിരിക്കുന്നു. ടെക്സാസുകാർ തങ്ങളുടെ സംസ്ഥാനത്ത് നിന്ന് ഇന്ത്യൻ അധിനിവേശക്കാരെ എത്ര പെട്ടെന്നാണ് ഒഴിവാക്കാൻ തുടങ്ങിയതെന്ന് കണ്ട് ഞാൻ അത്ഭുതപ്പെടുന്നു. എല്ലാ ഇന്ത്യക്കാരെയും നാടുകടത്തുക,” എന്ന് ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് പേരുകേട്ട മാറ്റ് ഫോർണി കുറിച്ചു.

കേരളത്തിൽ ജനിച്ച് 16-ാം വയസ്സിൽ യുഎസിലേക്ക് കുടിയേറിയ എബ്രഹാം ജോർജ്ജ്, ചെറിയ ജോലികളിൽ നിന്നാണ് ഐടി, മാനേജ്‌മെൻ്റ് രംഗങ്ങളിലേക്ക് ഉയർന്നത്. 2007-ൽ ബരാക് ഒബാമയുടെ സോഷ്യലിസ്റ്റ് നയങ്ങളോടുള്ള എതിർപ്പിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തുടർന്ന് കൊളിൻ കൗണ്ടി ജിഒപി ചെയർമാനായും പിന്നീട് ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ തലവനായും അദ്ദേഹം വളർന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തിലെ ചില വിവാദങ്ങളും പുറത്തുവന്നിരുന്നു. 2023-ൽ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച വ്യക്തിയെ നേരിടാൻ ലോഡ് ചെയ്ത തോക്കുമായി ഇറങ്ങാൻ ശ്രമിച്ചതിന് എബ്രഹാമിൻ്റെ വീട്ടിൽ പൊലീസ് എത്തിയിരുന്നു. അക്രമങ്ങളോ അറസ്റ്റോ ഉണ്ടായില്ലെങ്കിലും, ഈ സംഭവം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കി. എന്നാൽ ഇത് വെറുമൊരു രാഷ്ട്രീയ വിവാദം മാത്രമാണെന്നാണ് എബ്രഹാം ജോർജ്ജും ഭാര്യയും വ്യക്തമാക്കുന്നത്.

Abraham George, the first Indian-American chairman in the history of the Texas Republican Party, suffers a crushing defeat in his re-election bid.