സഭയിൽ തനിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ചുവെന്നും നിശബ്ദനാക്കാൻ ശ്രമം നടക്കുകയാണെന്നും ആരോപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര മന്ത്രിമാർക്ക് പലതവണ സംസാരിക്കാൻ സമയം നൽകിയ സ്പീക്കർ, മാപ്പ് പറഞ്ഞാൽ മാത്രമേ തനിക്ക് സംസാരിക്കാൻ അനുമതി നൽകൂ എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ആർഎസ്എസിനോടും ബിജെപിയോടും മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാനുള്ള ധൈര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വിദ്യാർത്ഥികൾക്കെതിരെയുണ്ടാകുന്ന പോലീസ് നടപടികളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച രാഹുൽ, പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഒരാൾക്ക് കാഴ്ച നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി. പെല്ലറ്റ് ഗൺ പ്രയോഗം സംബന്ധിച്ച എയിംസ് റിപ്പോർട്ട് താൻ കണ്ടിട്ടുണ്ട്. ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടികൾ സ്വീകരിക്കുകയാണ്. അമിത് ഷാ പോലീസ് ഉദ്യോഗസ്ഥരെയും മന്ത്രി ജിതേന്ദ്ര സിങ്ങിനെയും ഫോണിൽ തുടരെ വിളിക്കുന്നത് പാർലമെന്റിൽ താൻ നേരിട്ട് കണ്ടതാണ്. ഡൽഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാൽ, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഉന്നതതല സമിതി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് കേവലം ബാൻഡേജ് ചികിത്സ പോരെന്നും ശസ്ത്രക്രിയ തന്നെയാണ് ആവശ്യമെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. ആർഎസ്എസുകാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് അടിയന്തരമായി മാറ്റണം. ഇപ്പോൾ പാസാക്കിയ ബില്ലിൽ ചോദ്യപേപ്പർ ചോർച്ച തടയാൻ സഹായിക്കുന്ന ഒന്നുംതന്നെയില്ല. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ വെടിവെപ്പിന് ഇന്നോ നാളെയോ അമിത് ഷായ്ക്ക് മറുപടി പറയേണ്ടി വരുമെന്നും ആഭ്യന്തരമന്ത്രിയുടെ നീക്കങ്ങൾ താൻ കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Not Allowed To Speak In Lok Sabha, Won’t Apologise To RSS Or BJP, Says Rahul Gandhi














