
സാൻ അന്റോണിയോ: യു.എസിലെ ടെക്സസിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന റാപ്പല്ലിങ് (കയർ വഴി മുകളിൽ നിന്ന് താഴേക്ക് ഇറങ്ങുന്ന സാഹസിക പ്രകടനം) പ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ യു.എസ് വ്യോമസേനാംഗം മരണപ്പെട്ടു. ശനിയാഴ്ച യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് സാൻ അന്റോണിയോയുടെ വാർഷിക ‘സല്യൂട്ട് ടു ആംഡ് ഫോഴ്സസ് ആൻഡ് വെറ്ററൻസ്’ ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്കിടെയായിരുന്നു ദുരന്തം.
അലാമോഡോം സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നിന്ന് കയർ വഴി താഴേക്ക് ഇറങ്ങുന്നതിനിടയിൽ പിടിവിട്ട് 6th കോംബാറ്റ് ട്രെയിനിംഗ് സ്ക്വാഡ്രണിലെ സൈനികൻ കളിക്കളത്തിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് കാണികളും ബാൻഡ് സംഘവും നോക്കിനിൽക്കെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സൈനികനെ മൈതാനത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഔദ്യോഗിക നടപടിക്രമങ്ങൾ നിലനിൽക്കുന്നതിനാൽ മരിച്ച സൈനികന്റെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അപകടത്തെ തുടർന്ന് മത്സരം പത്ത് മിനിറ്റോളം വൈകിയെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തുടർന്നു. സൈനികന്റെ മരണം സ്ഥിരീകരിക്കുന്നതിന് മുമ്പാണ് കളി തുടരാൻ തീരുമാനിച്ചതെന്ന് അമേരിക്കൻ കോൺഫറൻസ് ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ യു.ടി.എസ്.എ നേവിക്കെതിരെ 38-34 ന് വിജയിച്ചു.
രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച ഒരു ധീര സൈനികന്റെ വിയോഗത്തിൽ യൂണിവേഴ്സിറ്റി പ്രസിഡന്റ് ടെയ്ലർ ഐമി, കോച്ച് ജെഫ് ട്രെയ്ലർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് യു.എസ് വ്യോമസേനയും പ്രാദേശിക അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Accident during rappelling demonstration at football stadium: U.S. Air Force member falls to his death















