
കൊച്ചി: ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്ന കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, കോടതി അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. അതേസമയം, ഇവർക്കെതിരെ പരാതി നൽകിയ ഡോ. ജോൺസൺ കെ. വർഗീസ് മറ്റൊരു ബലാത്സംഗക്കേസിൽ ഒളിവിലാണെന്നാണ് റിപ്പോർട്ട്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
നവംബർ രണ്ടിന് ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ഡോക്ടറെ തടഞ്ഞുവച്ച് മർദിക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡുകൾ എന്നിവ കൈക്കലാക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് മൂന്ന് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും ഒടുവിൽ ഒരു കോടി രൂപ നൽകാമെന്ന് സമ്മതിച്ചതോടെ മൂന്ന് ദിവസത്തിനകം 25 ലക്ഷം രൂപ നൽകണമെന്ന വ്യവസ്ഥയിൽ ഡോക്ടറെ വിട്ടയച്ചെന്നുമാണ് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ കടവന്ത്ര പൊലീസാണ് കേസെടുത്തത്.
എന്നാൽ, ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. രണ്ടാം പ്രതിയുടെ ബന്ധുവിനെ ഡോക്ടർ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനും ഫോണുകൾ തിരികെ ലഭിക്കാനുമാണ് ഡോക്ടർ വ്യാജ പരാതി നൽകിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഡോക്ടറുടെ ഫോണിൽ രോഗികളുടേതുൾപ്പെടെ നിരവധി പേരുടെ നഗ്നദൃശ്യങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവ പുറത്താകുമെന്ന ആശങ്കയാണ് പരാതിക്ക് പിന്നിലെന്നും അതുല്യയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഡോക്ടർക്കെതിരെ അതുല്യയുടെ ബന്ധു ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, ആരോപണങ്ങളുടെ ഗൗരവം മാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നവംബർ അഞ്ച് മുതൽ 15 ദിവസമായി പ്രതികൾ കസ്റ്റഡിയിലാണെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി ആവശ്യമില്ലെന്നും കോടതി വിലയിരുത്തി. ഫോണുകൾ സ്വമേധയാ കൈമാറിയതാണോ അതോ തട്ടിയെടുത്തതാണോ എന്ന കാര്യത്തിൽ വിചാരണയ്ക്കിടെ തെളിവുകൾ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.














