അരിയിൽ ഷുക്കൂർ വധക്കേസ്; ഒന്നാംപ്രതി സുമേഷ് അടക്കം ഏഴ് പ്രതികൾക്ക് ജീവപര്യന്തം

യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് എറണാകുളം പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒന്നാംപ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹർ, പത്താം പ്രതി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ലഭിച്ചത്. പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കേസിൽ രണ്ടാംപ്രതി ഗണേശിനെ നേരത്തെ വെറുതെവിട്ടിരുന്നു.

2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹർജിയിൽ 2016 ഫെബ്രുവരി എട്ടിനാണ് അന്വേഷണത്തെയും സി.പി.എമ്മിനെയും നിശിതമായി വിമർശിച്ചുള്ള ഉത്തരവിലൂടെ ഹൈക്കോടതി തുടരന്വേഷണം സി.ബി.ഐ.യ്ക്ക് വിട്ടത്.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, സംസ്ഥാന സമിതിയംഗം ടി.വി. രാജേഷ് എന്നിവർ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കേസിൽ 14 വർഷത്തിനുശേഷമാണ് വിധി വരുന്നത്. കേസിൽ 32-ാം പ്രതിയായിരുന്നു പി. ജയരാജൻ, ടി.വി. രാജേഷ് 33-ാം പ്രതിയും. ഇവരുൾപ്പെടെ 33 സി.പി.എം. പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.

Ariyil Shukoor Murder Case: Seven Accused Including Prime Accused Sumesh Sentenced to Life Imprisonment

Also Read

More Stories from this section

family-dental
witywide