വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ നയിക്കുക ആരായിരിക്കുമെന്ന ചർച്ചകൾ സജീവമാകുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനാണ് നിലവിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിക്കുന്നത്. എന്നാൽ 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥാനാർഥി ആരാകുമെന്ന കാര്യത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇതുവരെ വ്യക്തമായ ധാരണയായിട്ടില്ല.
ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ മിഡ്ടേം കൺവൻഷനിൽ വാൻസിന് വലിയ പിന്തുണയാണ് ലഭിച്ചത്. “ജെ.ഡി., ജെ.ഡി., ജെ.ഡി.” എന്നും “48, 48, 48” എന്നും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. അമേരിക്കയുടെ അടുത്ത പ്രസിഡന്റിനെ സൂചിപ്പിച്ചായിരുന്നു “48” എന്ന മുദ്രാവാക്യം. വാൻസ് “വളരെ കഴിവുള്ള വ്യക്തിയാണെന്നും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും” ട്രംപും പിന്നീട് പ്രശംസിച്ചു.
നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ പിന്തുണ നൽകണമെന്ന് ട്രംപും വാൻസും പ്രവർത്തകരോട് ആവശ്യപ്പെട്ടു. ട്രംപിന് ശേഷമുള്ള പാർട്ടിയുടെ രാഷ്ട്രീയ ഭാവി വിലയിരുത്താനുള്ള ആദ്യ പരീക്ഷണമായും ഈ തിരഞ്ഞെടുപ്പ് മാറും. അതേസമയം, 2028ലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെക്കുറിച്ച് വാൻസ് നേരിട്ട് പ്രതികരിച്ചില്ല. പ്രസംഗത്തിനിടെ ഒരു പ്രവർത്തകൻ “ജെ.ഡി. 48” എന്ന് വിളിച്ചപ്പോൾ പുഞ്ചിരിച്ച വാൻസ്, “ആദ്യം ഈ നവംബറിലെ കാര്യങ്ങൾ നോക്കാം. അതിന് ശേഷം അടുത്തത് എന്താണെന്ന് ചിന്തിക്കാം” എന്നായിരുന്നു പ്രതികരണം.
ട്രംപുമായുള്ള അടുത്ത ബന്ധവും നിലവിലെ വൈസ് പ്രസിഡന്റ് സ്ഥാനവുമാണ് വാൻസിന്റെ പ്രധാന നേട്ടം. ട്രംപിന്റെ പിൻഗാമിയാകുന്നതിനായി വാൻസിനെ ഒരുക്കുകയാണെന്നാണ് ചില റിപ്പബ്ലിക്കൻ പ്രവർത്തകരുടെ വിലയിരുത്തൽ. എന്നാൽ വാൻസിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് എന്നിവരുടെ പേരുകളും സജീവമായി ഉയരുന്നുണ്ട്.വാൻസിന് ശക്തമായ ബദലായി റൂബിയോയെ കാണുന്നവരും ഏറെയാണ്. അന്താരാഷ്ട്ര വിഷയങ്ങളിലും കമ്മ്യൂണിസത്തിന്റെ ഭീഷണിയിലും റൂബിയോയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം മികച്ച പ്രസിഡന്റാകുമെന്നും ഹൂസ്റ്റണിൽ നിന്നുള്ള പെഗി സ്റ്റാന്റൺ പറഞ്ഞു.
2024ൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി മത്സരിച്ച റോൺ ഡിസാന്റിസിനും പാർട്ടിയിൽ ഇപ്പോഴും പിന്തുണയുണ്ട്. ഫ്ലോറിഡയിൽ ഡിസാന്റിസ് നടപ്പാക്കിയ നയങ്ങൾ അമേരിക്കയ്ക്കാകെ മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. ചില റിപ്പബ്ലിക്കൻ പ്രവർത്തകർക്ക് കാര്യത്തിൽ അന്തിമ തീരുമാനം ട്രംപ് ആരെ പിന്തുണയ്ക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. വാൻസിനും റൂബിയോയ്ക്കുമിടയിൽ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണെന്നും ട്രംപിന്റെ നിലപാട് പിന്തുടരാനാണ് സാധ്യതയെന്നും ഡാലസ് സ്വദേശിനിയായ നോർമ അൽറൂസൻ പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടിയിൽ ചർച്ചയിലുള്ള പേരുകളുടെ എണ്ണം വർധിക്കുന്നത് 2028ലെ മത്സരത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നതിന്റെ സൂചനയാണ്. ടെക്സസ് പ്രതിനിധി ബ്രാൻഡൻ ഗിൽ, കെന്റക്കി പ്രതിനിധി തോമസ് മാസി, ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് തുടങ്ങിയവരുടെ പേരുകളും ചിലർ മുന്നോട്ടുവയ്ക്കുന്നുണ്ട്. എങ്കിലും ട്രംപിനോടുള്ള അടുത്ത ബന്ധം വാൻസിന് വ്യക്തമായ മുൻതൂക്കം നൽകുന്നു. ട്രംപിനൊപ്പം പ്രവർത്തിച്ച് അദ്ദേഹത്തിന്റെ ഭരണരീതികൾ അടുത്തറിയാൻ വാൻസിന് കഴിയുന്നുണ്ടെന്നും ട്രംപിനോട് സാമ്യമുള്ള നേരിട്ടുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിനെന്നും ടെക്സസിലെ ധനകാര്യ മേഖലയിലുള്ള ബിൽ ഷ്നൈഡർ പറഞ്ഞു.
ട്രംപിന് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ നയിക്കാനുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും 2028ലെ പ്രസിഡന്റ് മത്സരത്തിലേക്ക് ഇതുവരെ ആരും ഔദ്യോഗികമായി രംഗത്തെത്തിയിട്ടില്ല. നിലവിൽ വാൻസ്, റൂബിയോ, ഡിസാന്റിസ് എന്നിവരടക്കമുള്ള നേതാക്കളാണ് സാധ്യതാ പട്ടികയിൽ മുന്നിലുള്ളത്.
After Trump, who? JD Vance leads GOP succession talk; Rubio, DeSantis also draw support














