‘കണ്ണീരിൻ്റെ കവാടം’ ഹൂതികളുടെ കൈകളിലേക്ക്; ഇന്ത്യയുടെ എണ്ണക്കപ്പലുകളുടെ വഴിയടയുന്നു, ആഗോള വിപണിയിൽ ആശങ്ക

ന്യൂഡൽഹി: യമൻ തീരത്ത് ഹൂതി വിമതർ നടത്തുന്ന ശക്തമായ മുന്നേറ്റം ഇന്ത്യയുടെ സാമ്പത്തിക, ഊർജ്ജ മേഖലകൾക്ക് കനത്ത ഭീഷണിയാകുന്നു. ചെങ്കടലിനെയും ഏദൻ ഗൾഫിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് എൽ-മന്ദേബ് കടലിടുക്കിൻ്റെ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൂതികൾ പിടിച്ചെടുക്കുന്നതിൻ്റെ വക്കിലാണ്. 3,000 കിലോമീറ്റർ അകലെയാണെങ്കിലും, ഈ നീക്കം ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയെയും യൂറോപ്പിലേക്കുള്ള കയറ്റുമതിയെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ നിന്നുള്ള ശുദ്ധീകരിച്ച ഇന്ധനം, മരുന്നുകൾ, യന്ത്രസാമഗ്രികൾ എന്നിവ യൂറോപ്യൻ വിപണിയിലേക്ക് എത്തിക്കുന്ന പ്രധാന ജലപാതയാണിത്. നിലവിൽ യൂറോപ്പിന് ആവശ്യമായ ഡീസലിൻ്റെ 60 ശതമാനവും നൽകുന്നത് ഇന്ത്യൻ റിഫൈനറികളാണ്. ബാബ് എൽ-മന്ദേബ് വഴി കടന്നുപോകുന്ന ഈ ചരക്കുനീക്കം തടസ്സപ്പെടുന്നത് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആഗോള മത്സരക്ഷമതയെ തകർക്കും. യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബാബ് എൽ-മന്ദേബ് വഴിയാണ് ഏഷ്യൻ വിപണികളിലേക്ക് എണ്ണ എത്തിച്ചിരുന്നത്. 1,200 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ വഴി സൗദിയുടെ പടിഞ്ഞാറൻ തീരത്തെത്തിക്കുന്ന എണ്ണയാണ് ഇതുവഴി അറബിക്കടലിലേക്ക് വന്നിരുന്നത്. എന്നാൽ ഹൂതികൾ ഇതും ഉപരോധിക്കുന്നതോടെ ഇന്ത്യയിലേക്കുള്ള ഇന്ധന വരവ് പൂർണ്ണമായും പ്രതിസന്ധിയിലാകും.

2014-ൽ യമൻ തലസ്ഥാനമായ സനാ പിടിച്ചെടുത്ത ഹൂതികൾ (അൻസാർ അള്ളാ), സൗദി സഖ്യസേനയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് വടക്കൻ-പടിഞ്ഞാറൻ യമനിൽ സ്വാധീനം ഉറപ്പിച്ചു. സാധാരണ തോക്കുകളുമായി പിക്കപ്പ് വാനുകളിൽ സഞ്ചരിച്ചിരുന്ന ഹൂതികൾ, ഇറാൻ്റെ സൈനിക സഹായത്തോടെ ഇന്ന് അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമുള്ള ശക്തമായ സൈന്യമായി മാറിയിരിക്കുകയാണ്.

ബാബ് എൽ-മന്ദേബ് കടലിടുക്ക് പൂർണ്ണമായും ഹൂതികളുടെ കൈകളിലായാൽ അത് ആഗോള ഇന്ധന വിപണിയെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ ഉലയ്ക്കുന്ന ‘കണ്ണീരിൻ്റെ കവാടം’ (Gate of Tears) ആയി മാറുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്.

‘Gate of Tears’ falls into Houthi hands; route for Indian oil tankers blocked, sparking global market concerns.

More Stories from this section

family-dental
witywide