
ന്യൂയോർക്ക്: മാൻഹട്ടനിലെ രോഗവ്യാപനം നിയന്ത്രണവിധേയമായി ആഴ്ചകൾക്കുള്ളിൽ ന്യൂയോർക്ക് സിറ്റിയിൽ വീണ്ടും ലെജിയണയേഴ്സ് രോഗബാധ സ്ഥിരീകരിച്ചു. പുതിയ ക്ലസ്റ്ററിൽ ഇതുവരെ അഞ്ച് പേർക്ക് രോഗം ബാധിച്ചതായും ഒരാൾ മരണപ്പെട്ടതായും ന്യൂയോർക്ക് സിറ്റി ആരോഗ്യവകുപ്പ് വ്യാഴാഴ്ച അറിയിച്ചു. രോഗലക്ഷണങ്ങളുള്ള കൂടുതൽ ആളുകളുടെ പരിശോധനാ ഫലങ്ങൾക്കായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്.
സൗത്ത് ബ്രോൺസിലെ മെൽറോസ്, മോറിസാനിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന 10451, 10456 സിപ്പ് കോഡുകളിലാണ് നിലവിൽ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലുള്ള കൂളിംഗ് ടവറുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ശക്തമായ അന്വേഷണവും പരിശോധനയും ആരംഭിച്ചു കഴിഞ്ഞു. ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുന്ന കൂളിംഗ് ടവറുകൾ അടിയന്തിരമായി അണുവിമുക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹെൽത്ത് കമ്മീഷണർ ഡോ. അലിസ്റ്റർ എഫ്. മാർട്ടിൻ വ്യക്തമാക്കി. രോഗനിർണ്ണയത്തിനായി ജാഗ്രത പാലിക്കാൻ പ്രദേശത്തെ ഡോക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ വേനൽക്കാലത്തിൻ്റെ തുടക്കത്തിൽ അപ്പർ ഈസ്റ്റ് സൈഡിലുണ്ടായ ശക്തമായ രോഗബാധയിൽ 90-ലധികം പേർക്ക് രോഗം ബാധിക്കുകയും 11 പേർ മരണപ്പെടുകയും ചെയ്തിരുന്നു. കെട്ടിടങ്ങളിലെ കൂളിംഗ് ടവറുകളിലെ മലിനജലമായിരുന്നു അന്ന് വില്ലനായത്.
‘ലെജിയോനെല്ല’ എന്ന ബാക്ടീരിയ അടങ്ങിയ ജലത്തുള്ളികൾ ശ്വസിക്കുന്നതിലൂടെയോ, മലിനമായ വെള്ളം അബദ്ധത്തിൽ ശ്വാസകോശത്തിൽ എത്തുന്നതിലൂടെയോ ഉണ്ടാകുന്ന തീവ്രമായ ഒരുതരം ന്യൂമോണിയയാണിത്. സാധാരണയായി ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. കെട്ടിടങ്ങളിലെ ഷവർ ഹെഡുകൾ, പൈപ്പുകൾ, ഹോട്ട് വാട്ടർ ടാങ്കുകൾ, കൂളിംഗ് ടവറുകൾ എന്നിവയിലെ ജലസംഭരണികളിലാണ് ഈ ബാക്ടീരിയ വളരുന്നത്.
പനി, ചുമ, ശ്വാസംമുട്ടൽ, പേശി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഓഗസ്റ്റ് അവസാനം മുതൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരോ സന്ദർശിച്ചവരോ ആയ ആളുകൾക്ക് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞവർക്കും ശ്വാസകോശ രോഗമുള്ളവർക്കും രോഗം ഗുരുതരമാകാൻ സാധ്യതയേറെയാണ്.
Legionnaires disease outbreak spreads fear in New York again; one dead, five confirmed cases.












