
വാഷിംഗ്ടൺ: യുഎസിൽ ഇന്ധനവില കുതിച്ചുയരുന്നതിനെത്തുടർന്ന് ജനങ്ങളുടെ ജീവിതച്ചെലവ് വൻതോതിൽ വർദ്ധിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഓഗസ്റ്റ് വരെയുള്ള ഒരു വർഷത്തെ കണക്കിൽ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി ഉയർന്നു. ജൂലൈ മാസത്തിലെ ഉയർന്ന നിരക്കിൽ തന്നെയാണ് രാജ്യം ഇപ്പോഴും തുടരുന്നതെന്ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് (BLS) വ്യക്തമാക്കുന്നു. ഇതോടെ വിലക്കയറ്റം പിടിച്ചുനിർത്താൻ ഫെഡറൽ റിസർവ് അടുത്ത ആഴ്ച പലിശനിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകൾ ശക്തമായി.
യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലാണ്. ഇതേത്തുടർന്ന് യുഎസിലെ ഇന്ധന പമ്പുകളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു ഗാലൻ ഡീസലിന്റെ ശരാശരി വില 6 ഡോളർ കടന്നു. കഴിഞ്ഞ മാസം മാത്രം ഗ്യാസോലിൻ വിലയിൽ 3.9% വർദ്ധനവാണുണ്ടായത്. മൊത്തം പണപ്പെരുപ്പത്തിന്റെ മൂന്നിലൊന്നിനും കാരണം ഇന്ധനവില വർദ്ധനവാണ്. വിലക്കയറ്റത്തിന് ആനുപാതികമായി തൊഴിലാളികളുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകുന്നില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യഥാർത്ഥ ശരാശരി മണിക്കൂർ വേതനത്തിൽ 0.3% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എണ്ണവില വർദ്ധിച്ചതോടെ ചരക്കുകൂലി കുത്തനെ ഉയർന്നു. ഇത് വിപണിയിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില വീണ്ടും വർദ്ധിപ്പിക്കാൻ ഇടയാക്കും. ഇന്ധനവില വർദ്ധനവ് ഗതാഗത-വ്യാപാര മേഖലകളെ സാരമായി ബാധിച്ചതായി സൗത്ത് ഡക്കോട്ടയിലെ ട്രക്കിംഗ് കമ്പനി ഉടമ ജാമി ഹേഗൻ പ്രതികരിച്ചു. വിപണിയിൽ ചരക്കുനീക്കം ഗണ്യമായി കുറഞ്ഞതായും ജനങ്ങളുടെ കൈയിൽ പണമില്ലാത്തതിനാൽ വ്യാപാരം സ്തംഭനാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലിശനിരക്ക് വർദ്ധന ഏതാണ്ട് ഉറപ്പ്
നിലവിലെ പണപ്പെരുപ്പ സാഹചര്യം കണക്കിലെടുത്ത് അടുത്ത ആഴ്ച ചേരുന്ന ഫെഡറൽ റിസർവ് യോഗത്തിൽ പലിശനിരക്ക് കാൽ ശതമാനം വർദ്ധിപ്പിക്കാൻ 85% സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തൽ. നിലവിൽ പലിശനിരക്ക് 3.5% മുതൽ 3.75% വരെയായി തുടരുകയാണ്.
കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്ന 2% എന്ന പരിധിയേക്കാൾ വളരെ കൂടുതലാണ് ഇപ്പോഴത്തെ പണപ്പെരുപ്പമെന്നും, നിരക്ക് വർദ്ധനയല്ലാതെ ഫെഡറൽ റിസർവിന് മറ്റ് വഴികളില്ലെന്നും റീഗൻ ക്യാപിറ്റൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ സ്കൈലർ വെയ്നാൻഡ് വ്യക്തമാക്കി. ഭവന-വാഹന വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും പലിശ നിരക്ക് ഉയരുന്നതോടെ ജനങ്ങൾ പണം ചെലവഴിക്കുന്നത് കുറയ്ക്കുമെന്നും, അത് വഴി വിലക്കയറ്റം നിയന്ത്രിക്കാനാകുമെന്നുമാണ് കേന്ദ്ര ബാങ്ക് കരുതുന്നത്. അതേസമയം, നവംബറിലെ തെരഞ്ഞെടുപ്പിന് ശേഷം യുദ്ധം അവസാനിക്കുന്നത് വരെ എണ്ണവില കുറയാൻ സാധ്യതയില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.
Rising fuel costs have disrupted budgets; inflation remains severe in the US.













