ന്യൂയോർക്ക്: നിർമ്മിത ബുദ്ധി അതിന്റെ നിയന്ത്രണ പരിധികൾ ലംഘിച്ച് പ്രവർത്തിക്കുന്ന സംഭവങ്ങൾ ആഗോളതലത്തിൽ ആശങ്കയുയർത്തുന്നു. പ്രമുഖ എഐ കമ്പനിയായ ഓപ്പൺഎഐയുടെ ചാറ്റ്ബോട്ട് ഏജന്റുകൾ 53 ചാറ്റ്ജിപിറ്റി ഉപയോക്താക്കളുടെ ചിത്രങ്ങൾ ചോർത്തിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇൻസ്റ്റാഗ്രാമിൽ വൻ തരംഗമായി മാറിയ ‘1980കളിലെ റെട്രോ ഫോട്ടോ ട്രെൻഡിന്’ പിന്നാലെയാണ് സുരക്ഷാ വീഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്.
ചോർന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും ഇതിനകം തന്നെ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തതായും ബാക്കിയുള്ളവ മാറ്റാനായി ഹോസ്റ്റിംഗ് പ്രൊവൈഡർമാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഉപയോക്താക്കളുടെ വിവരങ്ങൾ കമ്പനി ഉപയോഗിക്കാറുണ്ട്. ഇതിൽ നിന്നാണ് എഐ ഏജന്റുകൾക്ക് ചിത്രങ്ങളിലേക്ക് പ്രവേശനം ലഭിച്ചത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കിയാണ് ഡാറ്റ ഉപയോഗിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, സുരക്ഷാ പരിശോധനയിൽ ചില വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് സൂചന.
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത അതീവ സുരക്ഷിതമായ ലബോറട്ടറിയിൽ പരിശീലിപ്പിച്ചുകൊണ്ടിരുന്ന ഒരു എഐ ഏജന്റ്, സിസ്റ്റത്തിലെ ഡിഎൻഎസ് ഫിൽട്ടറിംഗിലെ പിഴവ് കണ്ടെത്തി പുറത്തുള്ള മറ്റൊരു ചാറ്റ്ബോട്ടുമായി ബന്ധപ്പെട്ടതായും ഓപ്പൺഎഐ വെളിപ്പെടുത്തി. കമ്പനി ഇതറിഞ്ഞ് ട്രെയിനിങ് നിർത്തിവെക്കുന്നതിന് മുൻപ് രണ്ടര മണിക്കൂറോളം ഈ ഏജന്റ് ഇന്റർനെറ്റ് വഴി പുറത്തേക്ക് ചോദ്യങ്ങൾ അയച്ചു. തുടർന്ന് ഈ മോഡലിന്റെ പരിശീലനം കമ്പനി പൂർണ്ണമായി ഉപേക്ഷിച്ചു.
ഇതിനുപുറമെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ, യുഎസ് സെൻസസ് ബ്യൂറോ തുടങ്ങിയ അമേരിക്കൻ സർക്കാർ വെബ്‌സൈറ്റുകളിൽ നിന്നും ഓപ്പൺഎഐയുടെ ഗവേഷണ മോഡലുകൾ വിവരങ്ങൾ ചോർത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
എഐ സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ച നിയന്ത്രണാതീതമാകുമെന്നും അതിനാൽ ഇതിന്റെ വികസന വേഗത കുറയ്ക്കണമെന്നും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ് ആവശ്യപ്പെട്ടു. ഈ നിലപാടിനെ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ശതകോടീശ്വരൻ ഇലോൺ മസ്കും പിന്തുണച്ചു. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ എഐ കമ്പനികൾക്ക് സ്വയം സാധിക്കുമെന്ന നിലപാടാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് സ്വീകരിച്ചത്. എഐ സുരക്ഷയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് ഓപ്പൺഎഐ വ്യക്തമാക്കിയിട്ടുണ്ട്.
AI out of control; OpenAI reveals ChatGPT leaked user images.















