തിരുപ്പറംകുൺട്രം ദീപത്തൂണിൽ ഇന്ന് ദീപം തെളിക്കും; മലയുടെ നിയന്ത്രണം ഏറ്റെടുത്ത് സിആർപിഎഫ്

മധുര: തമിഴ്‌നാട്ടിലെ തിരുപ്പറംകുൺട്രം മലമുകളിലെ ദീപത്തൂണിൽ ഇന്ന് ദീപം തെളിക്കും. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി മലയുടെ സുരക്ഷാ ചുമതല കേന്ദ്രസേനയായ സിആർപിഎഫ് ഏറ്റെടുത്തു. ക്ഷേത്രത്തിനും സമീപത്തെ സിക്കന്ദർ ബാദുഷ ദർഗയ്ക്കും സുരക്ഷ ഉറപ്പാക്കാൻ 200 അംഗ സിആർപിഎഫ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിലായിരിക്കും ദീപം തെളിക്കൽ ചടങ്ങ് നടക്കുക. പൊതുജനങ്ങൾക്കും ക്ഷേത്രദർശനത്തിന് അനുമതി നൽകിയിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റ് ബോർഡിനെ കോടതി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

നവംബർ 24ന് ഒരുതവണ ദീപം തെളിക്കണമെന്നായിരുന്നു നേരത്തെ കോടതി നിർദേശിച്ചിരുന്നത്. എന്നാൽ ഉത്തരവ് നടപ്പാക്കപ്പെട്ടിരുന്നില്ല. ഇതേത്തുടർന്ന് ക്ഷേത്രഭരണസമിതിയുടെ അധികാരം താൽക്കാലികമായി നീക്കി റിസീവർമാരെ ചുമതലപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിൽനിന്നോ, അത് അണഞ്ഞിട്ടുണ്ടെങ്കിൽ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ദീപത്തൂണിൽ വിളക്ക് തെളിക്കണമെന്നാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുൽ പഞ്ചോളിയും ഉൾപ്പെട്ട ബെഞ്ചിന്റെ നിർദേശം.

കുന്നിൻമുകളിലെ സിക്കന്ദർ ബാദുഷ ദർഗയിൽനിന്ന് 50 മീറ്റർ അകലെയുള്ള ദീപത്തൂണിൽ വിളക്ക് തെളിക്കാൻ അനുമതി തേടി ഹിന്ദു സംഘടനകൾ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇത്തരമൊരു ആചാരം നിലവിലില്ലെന്നും പരമ്പരാഗതമായി മറ്റൊരു സ്ഥലത്താണ് ദീപം തെളിച്ചിരുന്നതെന്നുമായിരുന്നു ക്ഷേത്രഭരണസമിതിയുടെ വാദം. എന്നാൽ, ദീപം തെളിക്കുന്നത് ദർഗയുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. ദീപത്തൂൺ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സർവേ കല്ല് മാത്രമാണെന്ന സംസ്ഥാന സർക്കാരിന്റെ വാദവും കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി, മധുര ജില്ലാ കലക്ടർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ, ട്രസ്റ്റ് ബോർഡ് ചെയർമാൻ തുടങ്ങിയവർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോടതി ഉത്തരവുകൾ ആർക്കും ദുർബലപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

More Stories from this section

family-dental
witywide