
ചെന്നൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വളർച്ച ഭാവിയിലെ തൊഴിൽ മേഖലകളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാമെന്ന് പ്രമുഖ ഇന്ത്യൻ ഐടി കമ്പനിയായ സോഹോയുടെ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു. എഐയുടെ സഹായത്തോടെ കമ്പ്യൂട്ടർ അധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്ന ഒരു മിടുക്കനായ വ്യക്തിക്ക് ഇനിമുതൽ പത്തുപേരുടെ ജോലി ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യുന്ന എല്ലാത്തരം ജോലികൾക്കും ഈ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് വെമ്പു ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളിൽ ഈ പ്രതിസന്ധി കൂടുതൽ യാഥാർത്ഥ്യമാകാൻ പോവുകയാണ്. എന്നാൽ ഇത് കമ്പ്യൂട്ടർ മേഖലയിലെ 90 ശതമാനം ആളുകളുടെയും ജോലി പൂർണ്ണമായി ഇല്ലാതാക്കുമെന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, വലിയ സാമ്പത്തിക ചെലവ് കാരണം മുൻപ് സോഫ്റ്റ്വെയർ എഞ്ചിനീയർമാരെയോ ഡിജിറ്റൽ മാർക്കറ്റർമാരെയോ നിയമിക്കാൻ കഴിയാതിരുന്ന ചെറുകിട-ഇതര വ്യവസായങ്ങൾക്ക് ഇനിമുതൽ കുറഞ്ഞ ചെലവിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും.
സമ്പദ്വ്യവസ്ഥയിലുടനീളം ഉണ്ടാകാൻ പോകുന്ന ഈ വലിയ പുനർവിന്യാസം ജീവനക്കാരെ സംബന്ധിച്ച് ഏറെ വേദനാജനകമായിരിക്കും. വരാനിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊണ്ട് സ്വയം സജ്ജരാകുക മാത്രമാണ് ഇതിനൊരു പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ എഐ കാരണം ഉൽപ്പാദനക്ഷമതയിൽ 10 മുതൽ 100 മടങ്ങ് വരെ വർദ്ധനവ് ഉണ്ടായേക്കാമെന്നും അദ്ദേഹം പ്രവചിക്കുന്നു.
എഐയുടെയും ഓട്ടോമേഷന്റെയും വരവോടെ സോഹോയ്ക്കുള്ളിൽ വലിയ അഴിച്ചുപണികളാണ് ഇപ്പോൾ നടക്കുന്നത്. വർദ്ധിച്ചുവരുന്ന സെർവർ മെമ്മറി ചെലവുകളും എഐ അനുബന്ധ ചെലവുകളും കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി സോഹോ ഈ വർഷത്തെ പ്രകടന വിലയിരുത്തലുകൾ റദ്ദാക്കുകയും മാർക്കറ്റിംഗ് ബജറ്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ജീവനക്കാർക്ക് ഇത്തവണ സാധാരണ ലഭിക്കാറുള്ള ശമ്പള വർദ്ധനവ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ കമ്പനി, എങ്കിലും കൂട്ടത്തോടെയുള്ള പിരിച്ചുവിടലുകൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അറിയിച്ചു.
സോഹോ മാത്രമല്ല, ആമസോൺ, എപ്പിക് ഗെയിംസ് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളും തങ്ങളുടെ സോഫ്റ്റ്വെയർ എഞ്ചിനീയർമാരോട് എഐ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താൻ ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൊഴിൽ രംഗത്ത് എഐ വരുത്താൻ പോകുന്ന മാറ്റങ്ങളെ അതീവ ജാഗ്രതയോടെയാണ് ഐടി ലോകം വീക്ഷിക്കുന്നത്.
In the AI era, one person will do the work of ten; Sridhar Vembu issues a cautionary note to the IT sector.














