ആലീസ് ചൈനീസ് ചാരവനിതയല്ല; എൻവിഡിയ സിഇഒയുമായുള്ളത് പ്രണയബന്ധം മാത്രം, ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകി യുഎസ്

വാഷിംഗ്ടൺ: പ്രമുഖ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൺ ഹുവാങ്ങിനെ നിരീക്ഷിക്കാനും ചാരപ്പണി ചെയ്യാനും ചൈനീസ് ടെക് എക്സിക്യൂട്ടീവ് ആലീസ് ഹുവാങ്ങിനോട് ചൈന നിർദ്ദേശിച്ചിരുന്നില്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ. ചൊവ്വാഴ്ച യുഎസ് കോൺഗ്രസ് പ്രതിനിധികൾക്ക് നൽകിയ വിശദീകരണത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് ജെൻസൺ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.

എൻവിഡിയയിൽ നുഴഞ്ഞുകയറാൻ ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾ ആലീസിനെ നിയോഗിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരും തമ്മിലുണ്ടായിരുന്നത് പ്രണയബന്ധം മാത്രമായിരിക്കാനാണ് സാധ്യതയെന്നാണ് ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത്. ചൈനയുടെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയായ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ആലീസിനെ സമീപിച്ചിരുന്നതായും, രാജ്യത്തിന്റെ സുരക്ഷാ നിയമങ്ങൾ ചൂണ്ടിക്കാട്ടി വിവരങ്ങൾ തേടിയിരുന്നതായും ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട്. ജെൻസണുമായുള്ള ബന്ധത്തിന്റെ കാലയളവിൽ അവർ ഏജൻസിയുമായി സമ്പർക്കം പുലർത്തിയിരുന്നെങ്കിലും, നിർണ്ണായകമായ രഹസ്യവിവരങ്ങളൊന്നും കൈമാറിയതായി സൂചനകളില്ല.

സാഹചര്യം എന്തുതന്നെയായാലും ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി വിവരങ്ങൾ പങ്കുവെക്കുന്നത് ചാരപ്പണിയായി കണക്കാക്കണമെന്നാണ് ഒരു വിഭാഗം യുഎസ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, ചൈനയിലെ നിയമങ്ങൾ പ്രകാരം ബിസിനസ്സ് പ്രമുഖർ ദേശീയ സുരക്ഷാ ഏജൻസികളുമായി സമ്പർക്കം പുലർത്താൻ നിർബന്ധിതരാകാറുണ്ടെന്നും, ആലീസിന്റെ കാര്യത്തിൽ ഇത് സാഹചര്യവശാൽ സംഭവിച്ചതാകാമെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് എൻവിഡിയ ചിപ്പുകൾ അനധികൃതമായി ചൈനയിലേക്ക് കടത്തിയെന്ന ആരോപണത്തിൽ ഈ ബന്ധത്തിന് പങ്കുണ്ടോ എന്ന് രഹസ്യാന്വേഷണ ഏജൻസികൾ തുടർന്നും അന്വേഷിക്കുന്നുണ്ട്. നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജെയ് ക്ലേട്ടന്റെ നിർദ്ദേശപ്രകാരം എൻവിഡിയ ഡയറക്ടർ ബോർഡും വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.

സിഐഎ , എഫ്ബിഐ , എൻഎസ്എ എന്നീ ഏജൻസികൾ പങ്കെടുത്ത യോഗത്തിൽ ആലീസിന്റെ ഭർത്താവെന്ന് കരുതപ്പെടുന്ന കാങ് വെയ് എന്നയാളെക്കുറിച്ചും ചർച്ചയായി. ഇയാൾ ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയായ എംഎസ്എസിന്റെ ഏജന്റാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസുമായുള്ള ബന്ധം ജെൻസൺ സമ്മതിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. കമ്പനിയുടെ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റ് കിംബർലി പവൽ ഉൾപ്പെടെയുള്ളവരുമായി ഹുവാങ്ങിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നതായും പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ ജെൻസൺ, 11 ദിവസത്തിന് ശേഷമാണ് സിഇഒ പദവിയിലേക്ക് തിരിച്ചെത്തിയത്.

Alice is not a Chinese spy; her relationship with the Nvidia CEO is purely romantic—US gives a clean chit regarding China.

More Stories from this section

family-dental
witywide