പ്രണയം, ചാരവൃത്തി, കോടികളുടെ ചിപ്പ് കടത്ത്; എൻവിഡിയയെ പിടിച്ചുകുലുക്കിയ വിവാദത്തിൽ വൻ നടപടിയുമായി അമേരിക്ക, ആലിസ് ഹുവാങ്ങിൻ്റെ സിംഗപ്പൂർ കമ്പനി മെഗാസ്പീഡിന് വിലക്ക്

വാഷിംഗ്ടൺ: എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, സിംഗപ്പൂർ ആസ്ഥാനമായുള്ള പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ‘മെഗാസ്പീഡ് ലിമിറ്റഡിനെ’ കരിമ്പട്ടികയിൽ പെടുത്താൻ അമേരിക്ക തീരുമാനിച്ചു. അമേരിക്കയിൽ വ്യാപാരം നടത്തുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും മെഗാസ്പീഡിന് വിലക്കേർപ്പെടുത്തുമെന്ന് യു.എസ് വാണിജ്യ വകുപ്പ് അറിയിച്ചു.

മെഗാസ്പീഡിന്റെ മുൻ എക്സിക്യൂട്ടീവായ ആലിസ് ഹുവാങ്ങും എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നുവെന്ന വാർത്തകൾ കഴിഞ്ഞ മാസം പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ആലിസ് ഹുവാങ് ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തുന്നയാളാണെന്ന യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ രാജ്യസുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചു. എൻവിഡിയയുടെ അത്യാധുനിക എ.ഐ കമ്പ്യൂട്ടർ ചിപ്പുകൾ മെഗാസ്പീഡ് വഴി ചൈനയിലേക്ക് കടത്തുന്നുണ്ടോ എന്ന സംശയമാണ് ഇതോടെ ശക്തമായത്.

കഴിഞ്ഞ രണ്ട് വർഷമായി മെഗാസ്പീഡിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും, യു.എസ് കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് ചൈനീസ് കമ്പനികൾക്ക് ചിപ്പുകൾ എത്തിക്കാൻ ഇവർ സഹായിച്ചതായും വാണിജ്യ വകുപ്പ് വ്യക്തമാക്കി. 2022 മുതൽ ചൈനയ്ക്ക് ഇത്തരം സാങ്കേതികവിദ്യകൾ വാങ്ങുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മെഗാസ്പീഡിന്റെ ഉപകമ്പനിയായ ‘സ്പീഡ്മാട്രിക്സിനെയും’ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ മെഗാസ്പീഡിന്റെ പ്രധാന ഉപഭോക്താക്കളിൽ ഒന്നാണ്. എന്നാൽ ചാരവൃത്തി ആരോപണങ്ങൾ നിഷേധിച്ച ചൈന, സാങ്കേതികവിദ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള മറയായി ഈ വിവാദത്തെ ഉപയോഗിക്കരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.

വിവാദങ്ങൾക്കിടെ, എൻവിഡിയയിലെ മറ്റൊരു ജീവനക്കാരിയുമായും ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ നവംബർ 12-ന് ജെൻസൻ ഹുവാങ് സി.ഇ.ഒ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ എൻവിഡിയയുടെ ഓഹരികൾ 30 ശതമാനത്തിലധികം ഇടിയുകയും ആഗോള ടെക് വിപണിയിൽ വലിയ ആശങ്കകൾക്ക് വഴിവെക്കുകയും ചെയ്തു.

എന്നാൽ തിങ്കളാഴ്ച കമ്പനിയുടെ ഡയറക്ടർ ബോർഡ് ഹുവാങ്ങിനെ വീണ്ടും സി.ഇ.ഒ സ്ഥാനത്ത് നിയമിച്ചു. താൻ ഇടപെട്ട് കമ്പനിയെ പറഞ്ഞ് സമ്മതിപ്പിച്ചതായും കരാർ ഉറപ്പിച്ചതായും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിന് പിന്നാലെ പ്രതികരിച്ചു. ഹുവാങ്ങിന്റെ തിരിച്ചുവരവോടെ എൻവിഡിയയുടെയും മറ്റ് ടെക് കമ്പനികളുടെയും ഓഹരികൾ വീണ്ടും ഉയർന്നു തുടങ്ങിയിട്ടുണ്ട്.

അതേസമയം, വരും ആഴ്ചകളിൽ നിരവധി സർക്കാർ ഏജൻസികളുടെ അന്വേഷണങ്ങളെ ജെൻസൻ ഹുവാങ്ങും എൻവിഡിയയും നേരിടേണ്ടിവരും. വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി ഹുവാങ്ങും കമ്പനിയുടെ ചീഫ് ലീഗൽ ഓഫീസറും ഉടൻ തന്നെ യു.എസ് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും.

The US takes major action in the controversy that rocked Nvidia, imposing a ban on Megaspeed

More Stories from this section

family-dental
witywide