വാഷിങ്ടൺ: അമേരിക്ക ഇറാനെതിരായ വീണ്ടും സൈനിക നടപടികൾക്ക് കടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഉന്നതതല യോഗം വിളിച്ച് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് വിളിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സി.ഐ.എ. ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്യൂസി വൈൽസ് എന്നിവരുൾപ്പെടെയുള്ള ദേശീയ സുരക്ഷാ സംഘം പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. യോഗത്തിൽ ഇറാനുമായുള്ള ചർച്ചകളുടെ പുരോഗതി, നയതന്ത്രം പരാജയപ്പെട്ടാലുള്ള മുന്നോട്ടുപോക്ക്, സൈനിക തയ്യാറെടുപ്പുകൾ എന്നിവ സംബന്ധിച്ച് ചർച്ചയായി.
അതേസമയം, യോഗത്തിന് പിന്നാലെ ട്രംപിന്റെ വാരാന്ത്യ പരിപാടികൾ നിർത്തിവെച്ചതും ആശങ്കപരത്തുന്നു. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനിൽ വീണ്ടും ആക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുവെന്നാണ് യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നയതന്ത്ര ചർച്ചകൾ തുടരെത്തുടരേ നടക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ലെന്നും സൂചനയുണ്ട്.
സമാധാന ചർച്ചകൾക്കായി പാകിസ്‌താൻ സൈനിക മേധാവി അസിം മുനീർ ഇറാനിലേക്ക് തിരിച്ചു. ഐ.ആർ.ജി.സി. മുതിർന്ന കമാൻഡറായ ജനറൽ അഹ്‌മദ് വഹീദുമായി ശനിയാഴ്ച ചർച്ച നടത്തും. ഖത്തർ പ്രതിനിധി സംഘവും ചർച്ചയിൽ പങ്കെടുക്കും. സമാധാന ചർച്ചകളിൽ യു.എസുമായുള്ള സുപ്രധാന കാര്യങ്ങളിൽ ഇറാന് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.
America again against Iran? Trump cancels events and calls high-level meeting; Reports say it is an emergency war-like move












